
ന്യൂഡൽഹി: സോഷ്യൽമീഡിയയിലൂടെ അഭ്യർത്ഥന നടത്തിയ യുവാവിന് മറുപടി നൽകി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. രാജ്യത്തെ മദ്ധ്യവർഗ ജനതയ്ക്ക് ആശ്വാസം നൽകണമെന്ന യുവാവിന്റെ പോസ്റ്റ് പങ്കുവച്ചാണ് മന്ത്രി മറുപടി നൽകിയിരിക്കുന്നത്. യുവാവിന്റെ അഭിപ്രായം വിലപ്പെട്ടതാണെന്നും ജനങ്ങളുടെ അഭിപ്രായങ്ങൾ സർക്കാർ ശ്രദ്ധിക്കുണ്ടെന്നുമാണ് മന്ത്രിയുടെ മറുപടി. തുഷാർ ശർമ എന്ന യുവാവാണ് എക്സ് അക്കൗണ്ടിലൂടെ അഭ്യർത്ഥന നടത്തിയിരിക്കുന്നത്.
'ഇടത്തരം ആളുകൾക്ക് ആശ്വാസം പകരുന്ന കാര്യങ്ങൾ ധനമന്ത്രി പരിഗണിക്കണമെന്നാണ് അഭ്യർത്ഥന. രാജ്യത്തിനായി നിങ്ങൾ നടത്തിയിട്ടുളള ശ്രമങ്ങളെയും സംഭാവനകളെയും ഞങ്ങൾ അഭിനന്ദിക്കുന്നു. ഞങ്ങൾക്ക് നിങ്ങളോട് അങ്ങേയറ്റം ബഹുമാനമുണ്ട്. മദ്ധ്യവർഗത്തിന് അൽപം ആശ്വാസം പകരുന്ന കാര്യങ്ങൾ പരിഗണിക്കണമെന്ന് ഞാൻ വിനീതമായി അഭ്യർത്ഥിക്കുന്നു. അതിൽ ഉൾപ്പെട്ടിരിക്കുന്ന വലിയ വെല്ലുവിളികളും ഞാൻ മനസിലാക്കുന്നു. പക്ഷേ ഇത് ഹൃദയത്തിൽ നിന്നുളള അഭ്യർത്ഥനയാണ്'- തുഷാർ പോസ്റ്റിൽ കുറിച്ചു. സൺഡേ ഗാർഡിയനിൽ വന്ന തിരുവിതാംകൂറിലെ പഴയ രാജകുടുംബത്തിലെ അംഗം രചിച്ച വാക്യങ്ങൾ പങ്കുവച്ച മന്ത്രിയുടെ പോസ്റ്റിന് മറുപടിയായാണ് യുവാവ് അഭ്യർത്ഥനയുമായി എത്തിയത്.
മന്ത്രിയുടെ മറുപടി ഇങ്ങനെ
നിങ്ങളുടെ വാക്കുകൾക്ക് നന്ദി. അത് മനസിലാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടേത് ഉത്തരവാദിത്തമുളള സർക്കാരാണ്. പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ കേൾക്കുകയും മനസിലാക്കുകയും ചെയ്യുന്നുണ്ട്.നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണ്. അതിന് ഒരിക്കൽ കൂടി നന്ദി.