kailash-gahlot

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കിനിൽക്കെ ഡൽഹി മന്ത്രിയും ആം ആദ്മി നേതാവുമായ കൈലാഷ് ഗഹ്ലോട്ട് പാർട്ടിയിൽ നിന്ന് രാജിവച്ചു. ഇന്ന് രാവിലെ അദ്ദേഹം രാജിസമർപ്പിച്ചതെന്നാണ് വിവരം. ഗതാഗത, നിയമ, റവന്യൂ വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയാണ് കൈലാഷ് ഗഹ്ലോട്ട്. അടുത്ത വർഷം ആദ്യമാണ് ഡൽഹിയിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. കൈലാഷിന്റെ അപ്രതീക്ഷിതമായ രാജി ആം ആദ്മിക്ക് കനത്ത തിരിച്ചടിയാണ്. രാജിയുമായി ബന്ധപ്പെട്ട വിവരം അറിയിക്കാൻ പാർട്ടി കൺവീനർ അരവിന്ദ് കേ‌ജ്‌രിവാളിനും കൈലാഷ് കത്തയച്ചിട്ടുണ്ട്. എംഎൽഎ സ്ഥാനവും പാർട്ടി അംഗത്വവും അദ്ദേഹം രാജിവച്ചിട്ടുണ്ട്.

പാർട്ടിക്കെതിരെയും സർക്കാരിനെതിരെയും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടാണ് കൈലാഷ് രാജി നൽകിയത്. ഡൽഹി സർക്കാരിന്റെ പൂർത്തീകരിക്കാത്ത വാഗ്ദാനങ്ങൾ കാരണം പാർട്ടി ഗുരുതരമായ വെല്ലുവിളികൾ നേരിടുകയാണെന്നും രാഷ്ട്രീയ അഭിലാഷങ്ങൾക്ക് വേണ്ടി സർക്കാർ ഡൽഹിയിലെ ജനങ്ങളോടുള്ള പ്രതിബദ്ധത മറികടക്കുകയാണെന്നും അദ്ദേഹം കേജ്രിവാളിന് നൽകിയ കത്തിൽ പറയുന്നു.

'ഇന്ന് ആം ആദ്മി പാർട്ടി കടുത്ത വെല്ലുവിളികളെ അഭിമുഖീകരിക്കുന്നു. ഇക്കാര്യം നിങ്ങളുമായി പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. ജനങ്ങളോടുള്ള നമ്മുടെ പ്രതിബദ്ധതയെ രാഷ്ട്രീയ അഭിലാഷങ്ങൾ മറികടന്നു, പല വാഗ്ദാനങ്ങളും പാലിക്കപ്പെടാതെ പോയി'- കൈലാഷ് കത്തിൽ വ്യക്തമാക്കി.