case

കൊച്ചി: ഒഡീഷയിലെ വനാതിർത്തിയിൽ നിന്ന് 38 കി.മീ കാനനയാത്ര. ഏത് നിമിഷവും മൈനുകൾ പൊട്ടിയേക്കാവുന്ന പാത. മരണത്തെ മുന്നിൽ കണ്ടെങ്കിലും പിന്തിരിയാതെ നിന്ന കേരള പൊലീസ് സംഘം മാവോയിസ്റ്റ് കേന്ദ്രത്തിൽ നിന്ന് അറസ്റ്റ് ചെയ്ത് കൊച്ചിയിലെത്തിച്ചത് ഏക്കറുകണക്കിന് കഞ്ചാവുതോട്ടം ഉടമയെ ! ഒഡീഷ ഗുച്ചപ്പാട് സ്വദേശി സിമഞ്ചലിമുഖിയെയാണ് (30) സാഹസികമായി അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഓഗസ്റ്റിൽ 21 കിലോ ഗ്രാം കഞ്ചാവുമായി കായംകുളം സ്വദേശി സുഹൈലിനെ ഡാൻസാഫ് സംഘം പിടികൂടിയിരുന്നു. കേസിന്റെ തുടരന്വേഷണമാണ് സിമഞ്ചലിമുഖിയിലെത്തിച്ചത്. അന്യസംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവെത്തിച്ച് കൊച്ചി സിറ്റി കേന്ദ്രീകരിച്ച് വിൽക്കുന്നതായിരുന്നു സുഹൈലിന്റെ രീതി.സുഹൈലിന് കഞ്ചാവ് നൽകിയ പത്തനംതിട്ട സ്വദേശി ടോണിയെ കണ്ടെത്തിയത് അന്വേഷണത്തിന് വഴിത്തിരിവായി. ഇയാളെ പിടികൂടി ചോദ്യംചെയ്‌തെങ്കിലും കഞ്ചാവിന്റെ ഉറവിടം വെളിപ്പെടുത്തിയില്ല. ടോണിയുടെ ബാങ്ക് അക്കൗണ്ടും മറ്റും പരിശോധിച്ച പൊലീസിന് ഒഡീഷയിലെ ഏജന്റിന്റെയും സിമഞ്ചിലമുഖിയുടെയും വിവരങ്ങൾ ലഭിച്ചു. തുടർന്ന് ഈമാസം ഏഴിന് ഒഡീഷയിലേക്ക് തിരിച്ച പ്രത്യേക അന്വേഷണ സംഘം 13 നാണ് 30കാരനെ അറസ്റ്റ് ചെയ്തത്. 14ന് കൊച്ചിയിലെത്തിച്ച് റിമാൻഡ് ചെയ്തു.

സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യയുടെ നിർദ്ദേശപ്രകാരം ഡി.സി.പി കെ.എസ്. സുദർശനനാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. എ.സി.പി പി.രാജ്കുമാർ നേതൃത്വം നൽകിയ സംഘത്തിൽ പാലാരിവട്ടം എസ്.ഐ മിഥുൻ, എ.എസ്.ഐ റെജി, എസ്.സി.പി.ഒമാരായ ഇഗ്നേഷ്യൻസ്, അഖിൽ പത്മൻ എന്നിവരാണ് ഉണ്ടായിരുന്നത്.

 പരിശോധനയും അറസ്റ്റും
ഒഡീഷ ഫുൽഭാനി വനത്തിൽ 13 കി.മീ യാത്ര ചെയ്ത് ഗുച്ചപ്പാട് പൊലീസ് സ്റ്റേഷനിൽ എത്തിയ പ്രത്യേകസംഘം വൻസുരക്ഷയിലാണ് കഴിഞ്ഞത്. സായുധ സംഘത്തിന്റെ ജീപ്പിൽ പതിവ് പരിശോധനയെന്ന വ്യാജേനെ 25 കി.മീ യാത്രചെയ്ത മാവോയിസ്റ്റ് ഗ്രാമത്തിലെത്തി. നേരത്തെ വിവരങ്ങളും ഫോട്ടോയും കൈയിലുണ്ടായിരുന്നതിനാൽ പ്രതിയെ വഴിയരികിൽ നിന്ന് കീഴ്പ്പെടുത്തുകയായിരുന്നു. അറസ്റ്റ് ഗ്രാമവാസികൾ അറിഞ്ഞിരുന്നെങ്കിൽ ജീവനോടെ തിരിച്ചുപോരാൻകഴിയില്ലായിരുന്നു.

 ഫാമിലി ഫാമിംഗ്
സിമഞ്ചലിമുഖിയും കുടുംബവും വർഷങ്ങളായി കഞ്ചാവ് കൃഷി ചെയ്യുന്നവരാണ്. ഏക്കറുകണക്കിന് തോട്ടം ഇവർക്കുണ്ട്. തദ്ദേശീയരായ ഇടനിലക്കാരാണ് മലയാളികളെ ഇവരിലേക്ക് എത്തിക്കുന്നത്. തുച്ഛമായ തുകയ്ക്കാണ് കഞ്ചാവ് ഇടപാട്. തന്നെ അറസ്റ്റ് ചെയ്താലും കഞ്ചാവ് കൃഷി കുടുംബം നോക്കിനടത്തുമെന്നാണ് പ്രതിയുടെ വെളിപ്പെടുത്തൽ.