
പുത്തൻകാലത്തെ സൗന്ദര്യ സംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും പൊതുവേ ഉപയോഗിക്കുന്ന ഒരു ചെടിയാണ് കറ്റാർ വാഴ. ഇതിലെ ഇലകൾക്കിടയിലെ ജെൽ എടുത്ത് മുഖത്ത് പുരട്ടാറുണ്ട്. ചിലർ ഉളളിലേക്ക് പ്രത്യേകരീതിയിൽ തയ്യാറാക്കി ഇത് കഴിക്കാറുണ്ട്. ത്വക്ക് രോഗങ്ങൾക്കും കറ്റാർവാഴ വളരെ ഗുണം ചെയ്യും.
എന്നാൽ സൗന്ദര്യ സംരക്ഷണത്തിനും ചികിത്സയ്‌ക്കും മാത്രമല്ല ചൈനീസ് വിശ്വാസ പ്രമാണമായ ഫെങ് ഷൂയി രീതിയനുസരിച്ചും വളരെയധികം പ്രാധാന്യം ഈ ചെടിയ്‌ക്കുണ്ട്. ഭാഗ്യം കൊണ്ടുവരുന്ന ഒരു ചെടിയാണ് കറ്റാർ വാഴയത്രെ. അതായത് ഈ ചെടി വീട്ടിനുളളിൽ വളർത്തിയാൽ വിവിധ ഗുണങ്ങളാണ് ഉണ്ടാകുക എന്നാണ് ആചാര്യന്മാർ സാക്ഷ്യപ്പെടുത്തുന്നത്. മോശപ്പെട്ട ഊർജത്തെ വലിച്ചെടുത്ത് വീട്ടിലുളളവർക്ക് പോസിറ്റീവ് വൈബും ഉടമകൾക്ക് ഭാഗ്യവും കൊണ്ടുവരുന്ന ചെടിയാണത്രെ കറ്റാർ വാഴ. വീട്ടിനുളളിൽ മലിനവായു ഉണ്ടെങ്കിൽ അത് മാറ്റി ശുദ്ധമാക്കാനും കറ്റാർ വാഴ സഹായിക്കും. വീട്ടിന്റെ പരിസരത്ത് നടാൻ ആഗ്രഹിക്കുന്നവർ ചെടി കിഴക്ക് ദിക്കിലോ അല്ലെങ്കിൽ വടക്ക് ദിക്കിലോ നടുന്നതാണ് ഉത്തമം.
ഇലകളിലെ ജെല്ലിന് വേണ്ടിയാണ് കറ്റാർ വാഴ പലരും വളർത്തുന്നത്. മധുരപലഹാരങ്ങളിലും പാനീയങ്ങളിലും ഇത് ഉപയോഗിക്കുന്നുണ്ട്. ഔഷധ ആവശ്യങ്ങൾക്കും ഇത് വളർത്തുന്നു. ഉപരിപ്ലവമായ പൊള്ളൽ, സൂര്യാഘാതം എന്നിവ ചികിത്സിക്കാൻ ഉപയോഗിക്കുന്നു. ജെൽ പുരട്ടുന്നത് വേദനയ്ക്ക് ആശ്വാസം നൽകുകയും ചെയ്യുന്നു. മുഖക്കുരു പൊട്ടിപ്പുറപ്പെടുന്ന സമയത്തും ഇത് ഉപയോഗിക്കാം.