കൊച്ചി: പരമ്പരാഗത മാദ്ധ്യമങ്ങളുടെ ഉള്ളടക്കം ഉപയോഗിക്കുന്ന വൻകിട ടെക്നോളജി കമ്പനികളും ഡിജിറ്റൽ പ്ളാറ്റ്‌ഫോമുകളും വരുമാനത്തിന്റെ ഒരു വിഹിതം അവർക്ക് നൽകണമെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞു.
വാർത്താവിതരണം ഡിജിറ്റലായതോടെ പരമ്പരാഗത സ്ഥാപനങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ദേശീയ പത്രദിനത്തിൽ നടത്തിയ വെർച്വൽ പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു.
നിലവാരമുള്ള ഉള്ളടക്കം തയ്യാറാക്കുന്നതിന് ചെലവേറെയാണ്. പത്രപ്രവർത്തകർക്ക് ശമ്പളത്തിനും പരിശീലനത്തിനും എഡിറ്റോറിയൽ സംവിധാനങ്ങൾ ഒരുക്കുന്നതിനും പരമ്പരാഗത പത്രസ്ഥാപനങ്ങൾ വലിയ നിക്ഷേപമാണ് നടത്തുന്നത്. ഇക്കാര്യം പരിഗണിച്ച് വരുമാനം പങ്കുവയ്ക്കണം.
സ്വാതന്ത്ര്യ സമരത്തിലും അടിയന്തരാവസ്ഥ കാലത്തും പരമ്പരാഗത മാദ്ധ്യമങ്ങൾ നിർണായക ഇടപെടലുകളാണ് നടത്തിയത്. ഇവരുടെ ചരിത്ര പോരാട്ടം വിസ്മരിച്ചാൽ, പഴയകാല വെല്ലുവിളികൾ വീണ്ടും നേരിടേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
വ്യാജവാർത്തകൾ മാദ്ധ്യമങ്ങളുടെ വിശ്വാസ്യതയ്ക്ക് മാത്രമല്ല ജനാധിപത്യത്തിന്റെ നിലനിൽപ്പിനും ഭീഷണിയാണ്. ഇന്റർനെറ്റ് വ്യാപക പ്രചാരം നേടുന്നതിന് മുൻപുണ്ടായിരുന്ന നിയമങ്ങളാണ് ഇപ്പോഴും പിന്തുടരുന്നത്. തേഡ് പാർട്ടി കണ്ടന്റുകൾക്ക് ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാരും ഡിജിറ്റൽ പ്ളാറ്റ്ഫോമുകളും ബാധ്യസ്ഥരല്ലെന്ന നിയമത്തിൽ മാറ്റം വരണമെന്നും അദ്ദേഹം പറഞ്ഞു.