
കോഴിക്കോട്: ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തെത്തുടർന്ന് കോഴിക്കോട് ജില്ലയിൽ കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താലിനിടെ സംഘർഷം. സമരാനുകൂലികളും പൊലീസും തമ്മിലാണ് സംഘർഷമുണ്ടായത്. നഗരത്തിലെ പുതിയ ബസ് സ്റ്റാൻഡിലെ കടകൾ നിർബന്ധിച്ച് അടപ്പിക്കാനുള്ള പ്രവർത്തകരുടെ ശ്രമം പൊലീസ് തടഞ്ഞതോടെ സംഘർഷം പൊട്ടിപുറപ്പെട്ടു.
തുടർന്ന് പൊലീസും കോൺഗ്രസ് പ്രവർത്തകരുമായി ഉന്തുംതള്ളുമുണ്ടായി. കെഎസ്ആർടിസി, സ്വകാര്യ ബസുകൾ അടക്കം വാഹനങ്ങൾ പ്രവർത്തകർ തടയാൻ ശ്രമിച്ചു. സ്വകാര്യ ബസ് ജീവനക്കാരും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റടക്കം ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
സമരാനുകൂലികൾ കടകൾ അടപ്പിച്ചു. ജനങ്ങൾ ഹർത്താലുമായി സഹകരിച്ചെങ്കിലും സിപിഎം അനുഭാവമുള്ള പൊലീസുകാരാണ് സംഘർഷമുണ്ടാക്കിയതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. വൈകിട്ട് ആറുവരെയാണ് ഹർത്താൽ.
ഇന്നലെ നടന്ന തിരഞ്ഞെടുപ്പ് അക്ഷരാർത്ഥത്തിൽ തെരുവുയുദ്ധമായി മാറുകയായിരുന്നു. രാവിലെ എട്ടോടെയാണ് വോട്ടെടുപ്പ് തുടങ്ങിയത്. ഒപ്പം സംഘർഷവും. 35, 000 വോട്ടർമാരുണ്ടെങ്കിലും 8,500 പേർക്കാണ് വോട്ട് ചെയ്യാനായത്. 5000ത്തിലേറെ പേർ കള്ളവോട്ട് ചെയ്തെന്നും വോട്ടർമാരല്ലാത്ത 1000 സിപിഎമ്മുകാരാണ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചതെന്നും ആരോപിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. എം കെ രാഘവൻ എം പി, ടി സിദ്ദിഖ് എം എൽ എ, ഡി സി സി പ്രസിഡന്റ് പ്രവീൺകുമാർ, കെ പി സി സി ജനറൽ സെക്രട്ടറി പി എം നിയാസ് എന്നിവർ റോഡിൽ കുത്തിയിരുന്നു. തുടർന്നുണ്ടായ തമ്മിലടിയിലാണ് നിയാസടക്കം ഒട്ടേറേ പേർക്ക് പരിക്കേറ്റത്. ഇരുവിഭാഗവും പലതവണ ഏറ്റുമുട്ടി. കെ എസ്. യു ജില്ലാ പ്രസിഡന്റ് വി പി സൂരജ്, സിപിഎം കുന്ദമംഗലം ഏരിയാസെക്രട്ടറി പി ഷൈപു അടക്കം ഇരുപക്ഷത്തുമുള്ള നിരവധി പേർക്കാണ് പരിക്കേറ്റത്.
ഒരുപകൽ നീണ്ട സംഘർഷത്തിനിടെ നടന്ന തിരഞ്ഞെടുപ്പിൽ സിപിഎം - കോൺഗ്രസ് വിമത സഖ്യം ബാങ്ക് ഭരണം പിടിച്ചെടുക്കുകയും ചെയ്തു.വിമതരുടെ ചേവായൂർ ബാങ്ക് സഹകരണ ജനാധിപത്യ സംരക്ഷണസമിതി സമ്പൂർണ വിജയമാണ് നേടിയത്. 11 അംഗ പാനൽ എല്ലാ സീറ്റിലും ജയിച്ചു. നാല് പേർ സിപിഎമ്മുകാരും ഏഴുപേർ കോൺഗ്രസ് വിമതരുമാണ്. കോൺഗ്രസ് വിട്ട് വിമത സംഖ്യത്തിന് നേതൃത്വം നൽകിയ ജി.സി. പ്രശാന്ത്കുമാറിനെ പ്രസിഡന്റായി തിരഞ്ഞെടുത്തു. നിലവിലെ പ്രസിഡന്റും പ്രശാന്താണ്. വർഷങ്ങളായി കോൺഗ്രസിനായിരുന്നു ഭരണം.