kim-jong-un

പ്യോംഗ്‌യാംഗ്: ദക്ഷിണകൊറിയക്കെതിരെ പുതിയ ആയുധം പ്രയോഗിച്ച് കിം ജോംഗ് ഉന്നിന്റെ ഉത്തരകൊറിയ. ദക്ഷിണകൊറിയൻ അതിർത്തികളിൽ ഭയാനകവും ഉച്ചത്തിലുമുള്ള ശബ്ദങ്ങളാണ് ആയുധമായി ഉത്തരകൊറിയ പ്രയോഗിക്കുന്നത്. 'ശബ്ദ ബോംബിംഗ്' എന്നാണ് ഈ പ്രവൃത്തിയെ പലരും വിശേഷിപ്പിക്കുന്നത്.

വലിയ പൊട്ടിത്തെറി ശബ്ദങ്ങളും, പ്രേതത്തിന്റേത് പോലുള്ള അലർച്ചകളുടെയും ശബ്ദങ്ങൾ ജീവിതം ദുസ്സഹമാക്കുന്നുവെന്ന് അതിർത്തിയിലെ ഡാംഗ്‌സാൻ ഗ്രാമവാസികൾ അടക്കമുള്ളവർ പറയുന്നു. ശബ്ദം തങ്ങളെ ഭ്രാന്ത് പിടിപ്പിക്കുന്നുവെന്ന് ദക്ഷിണ കൊറിയൻ അതി‌ർത്തികളിലുള്ളവർ പറയുന്നു. രാത്രികാലങ്ങളിൽ ഉറങ്ങാൻ കഴിയില്ല. ഷെല്ലില്ലാതെ ബോംബ് ചെയ്യുന്നതുപോലെയാണ് അനുഭവപ്പെടുന്നതെന്നും ഗ്രാമീണർ പറയുന്നു.

കഴിഞ്ഞ ജൂലായ് മുതലാണ് ഉത്തരകൊറിയ 24 മണിക്കൂറും ഉച്ചഭാഷിണികൾ പ്രവർത്തിപ്പിക്കാൻ തുടങ്ങിയത്. ലോഹങ്ങളുടെ കൂട്ടിമുട്ടൽ, ചെന്നായ്‌ക്കളുടെ ഓരിയിടൽ, പീരങ്കികളുടെ പോലുള്ള ഒച്ച തുടങ്ങിയവ ഗ്രാമവാസികളെ ശാരീരികവും മാനസികവുമായി ബാധിക്കുകയാണ്. ഇത് ഉറക്കമില്ലായ്‌മ, തലവേദന, സമ്മർദ്ദം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കും. ഭയാനക ശബ്ദങ്ങളെ നേരിടാൻ വാതിലുകളും ജനലുകളും സ്റ്റൈറോഫോം പോലുള്ള കട്ടിയുള്ള വസ്തുക്കൾ ഉപയോഗിച്ച് പൂട്ടുകയും പുറത്തിറങ്ങിയുള്ള പ്രവൃത്തികൾ ഒഴിവാക്കുകയുമാണ് ഗ്രാമവാസികൾ ചെയ്യുന്നത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം വർദ്ധിക്കാൻ കാരണമാകുന്നതാണ് ഈ ശബ്ദ ആക്രമണം. ദക്ഷിണ കൊറിയയും യുഎസുമായി ചർച്ചയ്ക്കില്ലെന്ന് ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ വ്യക്തമാക്കിയിരുന്നു. ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൺ സുക് യോളും സൈനിക പരിശീലനങ്ങൾ ശക്തിപ്പെടുത്തുകയാണ്. കഴി‌‌ഞ്ഞ മേയിൽ മാലിന്യം നിറഞ്ഞ ബലൂണുകൾ ദക്ഷിണകൊറിയയിലേയ്ക്ക് പറത്തിവിട്ട് ഉത്തരകൊറിയ സംഘർഷം സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെ ഉച്ചഭാഷിണികളിലൂടെ ദക്ഷിണകൊറിയ കെ പോപ്പ്, വാർത്ത എന്നിവ സംപ്രേഷണം ചെയ്തു. ഇതാണ് ശബ്ദ ബോംബിംഗ് ചെയ്യാൻ ഉത്തരകൊറിയയെ പ്രകോപിപ്പിച്ചത്.