football

ഇന്ത്യ Vs മലേഷ്യ

7.30 pm മുതൽ സ്പോർട‌്സ് 18ലും ജിയോ സിനിമയിലും

ഹൈദരാബാദ് : ഏഷ്യൻ ഫുട്ബാളിലെ പോരാളികളായ ഇന്ത്യയും മലേഷ്യയും ഇന്ന് അന്താരാഷ്ട്ര സൗഹൃദ മത്സരത്തിനിറങ്ങുന്നു. ഹൈദരാബാദ് ഗച്ചിബൗളി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് കിക്കോഫ്.

ഈ വർഷം ഇതുവരെ കളിച്ച 10 മത്സരങ്ങളിൽ ഒന്നുപോലും ജയിക്കാൻ കഴിയാത്ത ഇന്ത്യയ്ക്ക് പുതിയ കോച്ച് മനോളോ മാർക്വേസിന് കീഴിൽ ആദ്യ ജയം നേടാനുള്ള അവസരം കൂടിയാണിത്. ഇന്ന് വിജയിക്കാനായില്ലെങ്കിൽ ഈ വർഷം മറ്റൊരു വിജയം നേടാൻ ഇന്ത്യയ്ക്ക് അവസരവുമില്ല. ഈ വർഷം ആറുകളികളിൽ തോറ്റിരുന്ന ഇന്ത്യ നാലുകളികളിൽ സമനില വഴങ്ങുകയായിരുന്നു. ഇഗോർ സ്റ്റിമാച്ചിന് പകരം ജൂലായ്‌യിലാണ് മാർക്വേസിനെ കോച്ചായി നിയമിച്ചത്. തുടർന്നുള്ള മൂന്ന് മത്സരങ്ങളിൽ രണ്ട് സമനിലകളും ഒരു തോൽവിയുമായിരുന്നു ഫലം. സെപ്തംബറിൽ സിറിയയോട് മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു തോൽവി. അതിന് വേദിയായതും ഗച്ചിബൗളി സ്റ്റേഡിയമായിരുന്നു.

ജനുവരിമുതൽ പരിക്കിന്റെ പിടിയിലായിരുന്ന ഡിഫൻഡർ സന്ദേശ് ജിംഗാന്റെ ടീമിലേക്കുള്ള തിരിച്ചുവരവ് മത്സരം കൂടിയാണിത്. മലയാളി മദ്ധ്യനിര താരങ്ങളായ വിബിൻ മോഹനനെയും ജിതിൻ എം.എസിനെയും കോച്ച് മാർക്വസ് 26അംഗടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ചിരവൈരികൾ

ഇന്ത്യയും മലേഷ്യയും അന്താരാഷ്ട്ര ഫുട‌്ബാളിൽ ഏറ്റുമുട്ടുന്നത് ഇത് 32-ാം തവണയാണ്. ഇന്ത്യ ഏറ്റവും കൂടുതൽ തവണ നേരിട്ട എതിരാളികളും മലേഷ്യയാണ്. 1957ൽ ക്വലാലംപുരിൽ വച്ച് നടന്ന ആദ്യ പോരാട്ടത്തിൽ പി.കെ ബാനർജിയുടെ ഇരട്ടഗോളുകളുടെയും തുൾസിദാസ് ബൽറാമിന്റെ ഏകഗോളിന്റേയും മികവിൽ ഇന്ത്യ 3-0ത്തിന് വിജയിച്ചിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് മലേഷ്യ 4-2ന് വിജയം കണ്ടു. ആ മത്സരത്തിൽ കളിച്ച ഒൻപത് പേർ ഇപ്പോൾ ഇന്ത്യൻ ടീമിലുണ്ട്.

32

മത്സരങ്ങളിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ 12 തവണ വീതം ഇരുവർക്കും ജയം. എട്ടു മത്സരങ്ങൾ സമനിലയിൽ.

125 -133

ഫിഫ റാങ്കിംഗിൽ ഇന്ത്യ 125-ാം സ്ഥാനത്താണ്. മലേഷ്യ 133-ാം റാങ്കിലും.

2011

ലാണ് ഇന്ത്യ അവസാനമായി മലേഷ്യയ്ക്ക് എതിരെ വിജയം നേടിയത്.