
ചെന്നെെ: തമിഴ്നാട്ടിൽ താമസിക്കുന്ന തെലുങ്കർക്കെതിരെ നടത്തിയ അപകീർത്തി പരാമർശത്തിൽ അറസ്റ്റിലായ നടിയും ബിജെപി അനുഭാവിയുമായ കസ്‌തൂരി ശങ്കറിനെ റിമാൻഡ് ചെയ്തു. ഈ മാസം 29 വരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. നടിയെ ചെന്നെെ പുഴൽ സെന്റർ ജയിലിലേക്ക് മാറ്റും. രാഷ്ട്രീയ അരാജകത്വം അവസാനിക്കട്ടെയെന്നായിരുന്നു കോടതിയിൽ എത്തിച്ചപ്പോൾ കസ്തൂരി മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.
ഹെെദരബാദിൽ ഗച്ചിബൗളിയിൽ ഒരു നിർമാതാവിന്റെ വീട്ടിൽ നിന്ന് ഇന്നലെ രാത്രിയാണ് കസ്തൂരിയെ തമിഴ്‌നാട്ടിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. രാത്രി കസ്റ്റഡിയിലെടുത്ത കസ്തൂരിയെ റോഡ് മാർഗമാണ് ചെന്നെെയിലെ പൊലീസ് സ്റ്റേഷനിലെത്തിച്ചത്. കസ്തൂരിയുടെ അറസ്റ്റിൽ ഇതുവരെ ബിജെപി പ്രതികരിച്ചിട്ടില്ല.
ചെന്നൈ എഗ്മൂറിൽ ഹിന്ദു മക്കൾ കക്ഷി നടത്തിയ പ്രകടനത്തിലായിരുന്നു നടിയുടെ വിവാദ പരാമർശം. 300 വർഷം മുൻപ് തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളിൽ പരിചാരകരായി വന്ന തെലുങ്കർ, തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുന്നു എന്നായിരുന്നു പരാമർശം. തുടർന്ന് ആന്ധ്രയിലും തെലങ്കാനയിലും ഉൾപ്പെടെ പ്രതിഷേധം ഉയർന്നു.
തന്റെ പരാമർശം വളച്ചൊടിക്കുകയാണെന്ന് ആരോപിച്ച് കസ്തൂരി നേരത്തെ രംഗത്തെത്തിയിരുന്നു. ചിലരെ മാത്രമാണ് ഉദ്ദേശിച്ചതെന്നും തന്റെ തെലുങ്ക് കുടുംബത്തെ വേദനിപ്പിക്കുകയായിരുന്നില്ല ലക്ഷ്യമെന്നും അവർ വ്യക്തമാക്കി. പരാമർശം വേദനിപ്പിച്ചെങ്കിൽ മാപ്പപേക്ഷിക്കുന്നതായി സമൂഹമാദ്ധ്യമത്തിൽ കുറിക്കുകയും ചെയ്തിരുന്നു. മലയാള സിനിമകളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുള്ള കസ്തൂരി ഡിഎംകെയുടെ കടുത്ത വിമർശകയുമാണ്.