
മെക്‌സിക്കോ സിറ്റി: 73ാം വിശ്വസുന്ദരി സൗന്ദര്യ മത്സരത്തിൽ കിരീടം ചൂടി ഡെൻമാർക്കിന്റെ വിക്‌ടോറിയ ജേർ തീൽവിഗ്. ഇന്നലെ മെക്‌സിക്കോ സിറ്റിയിലെ അറീന സിഡിഎംഎക്‌സിലാണ് മത്സരത്തിന്റെ ഫിനാലെ നടന്നത്. 21കാരിയായ വിക്‌ടോറിയയുടെ വിജയത്തോടെ ആദ്യമായി വിശ്വസുന്ദരി പട്ടം നേടുകയെന്ന ചരിത്ര നേട്ടംകൂടി ഡെൻമാർക്ക് സ്വന്തമാക്കിയിരിക്കുകയാണ്.
യൂറോപ്യൻ സ്വദേശി വിക്‌ടോറിയ അഭിഭാഷകയും നർത്തകിയും സംരംഭകയും മാനസികാരോഗ്യ വിദഗ്ധയുമാണ്. 125 മത്സരാർത്ഥികളെ പിന്നിലാക്കിയാണ് വിക്‌ടോറിയ വിശ്വസുന്ദരി പട്ടം ചൂടിയത്. മെക്‌സിക്കോയുടെ മറിയ ഫെർണാണ്ട ബെൽട്രാൻ ആണ് ഒന്നാം റണ്ണറപ്പ്. നൈജീരിയയുടെ നിഡിമ്മ അഡേഷിന ആണ് രണ്ടാം റണ്ണറപ്പ് സ്ഥാനം നേടിയത്. ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച 21കാരി റിയ സിംഘയ്ക്ക് ആദ്യ 12 എത്താനായില്ല. ഗുജറാത്ത് സ്വദേശിയായ റിയ മിസ് യൂണിവേഴ്‌സ് ഇന്ത്യ 2024 പട്ടം സ്വന്തമാക്കിയിരുന്നു. പെർഫോമിംഗ് ആർട്‌സിൽ ബിരുദധാരിയാണ് റിയ.