d

ചെന്നൈ: തെലുങ്കർക്കെതിരെ വിദ്വേഷ പരാമ‌ർശം നടത്തിയ കേസിൽ അറസ്റ്റിലായ നടി കസ്തൂരിയെ 29 വരെ കോടതി ജുഡിഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. എഗ്മോറിലെ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോൾ, രാഷ്ട്രീയ അരാജകത്വം അവസാനിക്കട്ടെയെന്ന് കസ്തൂരി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

നടിയെ പുഴൽ ജയിലിലേക്ക് മാറ്റി. ഹൈദരാബാദിലെ കച്ചിബൗളിയിൽ സിനിമാ നിർമ്മാതാവിന്റെ വീട്ടിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് അറസ്റ്റ് ചെയ്തത്.

റോഡുമാർഗം ചെന്നൈയിലെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. അറസ്റ്റിനെതിരെ ബ്രാഹ്മണ സഭ രംഗത്തെത്തിയിരുന്നു. മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് തള്ളിയതോടെയാണ് അറസ്റ്റ് ചെയ്തത്. കസ്തൂരി ആന്ധ്ര, തെലങ്കാന മേഖലയിലേക്കു കടന്നതായി വിവരം ലഭിച്ചിരുന്നു. ചെന്നൈ എഗ്മൂറിൽ ഹിന്ദു മക്കൾ കക്ഷി നടത്തിയ പ്രകടനത്തിലായിരുന്നു വിവാദ പരാമർശം. 300 വർഷം മുൻപ് തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളിൽ പരിചാരകരായി വന്ന തെലുങ്കർ, തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുന്നു എന്നായിരുന്നു പരാമർശം. തുടർന്ന് ആന്ധ്രയിലും തെലങ്കാനയിലും ഉൾപ്പെടെ പ്രതിഷേധം ഉയർന്നു. പരാമർശം വളച്ചൊടിച്ചെന്ന് കസ്തൂരി വിശദീകരിക്കുകയും മാപ്പ് പറയുകയും ചെയ്തിരുന്നു. മലയാള സിനിമകളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുള്ള കസ്തൂരി ബി.ജെ.പി അനുഭാവിയും ഡി.എം.കെയുടെ കടുത്ത വിമ‌ർശകയുമാണ്.