manipur
f

ഇംഫാൽ: മണിപ്പൂരിൽ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതിനു പിന്നാലെ ശനിയാഴ്ച വീണ്ടും പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം ആളിപ്പടരുന്നു. സായുധ സംഘങ്ങൾക്കെതിരെ 24 മണിക്കൂറിനകം നടപടി ഉണ്ടാകണമെന്ന് മെയ്‌തി സംഘടനകൾ മുഖ്യമന്ത്രി ബിരേൻ സിംഗിന് അന്ത്യശാസനം നൽകി. സേനയുടെ പ്രത്യേക അധികാരം (അഫ്‌സ്‌പ)​ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.

സംഘർഷം അവസാനിപ്പിക്കുന്നതിൽ ബീരേൻ സിംഗ് സർക്കാർ പരാജയപ്പെട്ടെന്ന് ആരോപിച്ച് സഖ്യകക്ഷിയായ കോൺറാഡ് സംഗ്‌മയുടെ നാഷണൽ പീപ്പിൾസ് പാർട്ടി (എൻ.പി.പി)​ പിന്തുണ പിൻവലിച്ചു.

സ്ഥിതി രൂക്ഷമായതോടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കി ഡൽഹിക്ക് മടങ്ങി. അടിയന്തര യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. അമിത് ഷായുടെ നേതൃത്വത്തിൽ ഇന്നും ഉന്നതതല യോഗം ചേരും. സമാധാനം സ്ഥാപിക്കാൻ കേന്ദ്രസേനയ്ക്കടക്കം നിർദ്ദേശം നൽകി. സി.ആ.പി.എഫ് ഡയറക്ടർ ജനറൽ അനീഷ് ദയാൽസിംഗ് മണിപ്പൂർ സന്ദർശിക്കും.

ശനിയാഴ്ച മുഖ്യമന്ത്രി എൻ. ബിരേൻ സിംഗിന്റെയും മരുമകൻ ഉൾപ്പെടെ ആറ് എം. എൽ.എമാരുടെയും മൂന്ന് മന്ത്രിമാരുടെയും വസതികൾ ആക്രമിച്ച കേസിൽ 23 പേരെ അറസ്റ്റ് ചെയ്തു. ജിരിബാമിൽ ഇന്നലെ ഒരു സ്ത്രീയുടെ മൃതദേഹം നദിയിൽ കണ്ടെത്തിയതോടെ വീണ്ടും സംഘർഷം ഉടലെടുത്തു. കാളിനഗർ പ്രദേശത്ത് വ്യാപകമായി തീവയ്പും അക്രമങ്ങളും നടന്നു. ഇംഫാൽ താഴ്‌വരയിൽ കർഫ്യൂവും ഇന്റർനെറ്റ് നിരോധനവും തുടരുകയാണ്.കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചു.

സർക്കാരിന് ഭീഷണി ഇല്ല

ഏഴംഗ നാഷണൽ പീപ്പിൾസ് പാർട്ടി പിന്തുണ പിൻവലിച്ചതുകൊണ്ട് ബിരേൻ സർക്കാരിന് ഭീഷണി ഇല്ല. 60 അംഗ സഭയിൽ 32അംഗങ്ങളുള്ള ബി.ജെ.പിക്ക് ഒറ്റയ്‌ക്ക് ഭൂരിപക്ഷമുണ്ട്. കൂടാതെ ജെ.ഡി.യു (6),നാഗപീപ്പിൾസ് ഫ്രണ്ട് (5)പാർട്ടികളും 3 സ്വതന്ത്രരും പിന്തുണയ്ക്കുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂർ സന്ദർശിക്കണം. സമാധാനം പുനഃസ്ഥാപിക്കണം.

- രാഹുൽ ഗാന്ധി

കോൺഗ്രസ് നേതാവ്

രാഷ്ട്രീയ കാരണങ്ങളാൽ മണിപ്പൂരിൽ അക്രമം തുടരാൻ ബിജെപി മനഃപൂർവം അനുവദിക്കുകയാണ്.

-മല്ലികാർജ്ജുൻ ഖാർഗെ

കോൺഗ്രസ് അദ്ധ്യക്ഷൻ