
കൊച്ചി: ആപ്പിളിന്റെ കരാർ കമ്പനിയായ തായ്‌വാനിലെ പെഗാട്രോണിന്റെ ചെന്നൈയിലെ ഐ ഫോൺ നിർമ്മാണ ഫാക്ടറിയിലെ ഭൂരിപക്ഷ ഓഹരികൾ ടാറ്റ ഗ്രൂപ്പ് വാങ്ങുന്നു. ആപ്പിളിന്റെ പ്രധാന സ്മാർട്ട് ഫോൺ നിർമ്മാണ പങ്കാളിയായി ഇതോടെ ടാറ്റ ഇലക്ട്രോണിക്‌സ് മാറും. ഇതിനായി പെഗാട്രോണും ടാറ്റയുമായി സംയുക്ത സംരംഭം ആരംഭിക്കും. അറുപത് ശതമാനം ഓഹരി പങ്കാളിത്തമുള്ള ടാറ്റ ഇലകട്രോണിക്‌സാകും പ്ളാന്റിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. പെഗാട്രോൺ സാങ്കേതിക സഹായം ഉറപ്പുവരുത്തും. പെഗാട്രോണിന്റെ ഇന്ത്യയിലെ ഏക ഐ ഫോൺ ഫാക്ടറിയാണിത്. ഡൊണാൾഡ് ട്രംപ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നതോടെ അമേരിക്കയും ചൈനയുമായുള്ള വ്യാപാര ബന്ധങ്ങളിൽ വിള്ളൽ വീഴുമെന്നതിനാൽ ഏഷ്യയിലെ പുതിയ ബദൽ നിർമ്മാണ കേന്ദ്രമായി ഇന്ത്യയെ മാറ്റാനാണ് ആപ്പിൾ ലക്ഷ്യമിടുന്നത്.