ധനുഷിനെ പരിഹസിച്ച് വിഘ്‌നേഷ് ശിവൻ

ss

വിഘ്‌നേഷ് ശിവൻ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ വിവാദമായ ആ മ്യൂസിക്കൽ ക്ളിപ്പ് പങ്കുവച്ചു. ഞങ്ങളുടെ നെറ്റ് ഫിക്ളസ് ഡോക്യു- ഫിലിമിൽനിന്ന് എടുത്തുകളയാൻ ആഗ്രഹിക്കുന്ന പത്തുകോടിയുടെ ആ ക്ളിപ്പ് ദയവായി ഇത് ഇവിടെ സൗജന്യമായി കാണുക എന്നാണ് വിഘ്‌നേഷ് ശിവന്റെ കുറുപ്പ്.

ഡോക്യു- ഫിലിമിന്റെ ട്രെയിലറിൽ ക്ളിപ്പ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ധനുഷിന്റെ ടീം അയച്ച മൂന്നുപേജുള്ള വക്കീൽനോട്ടീസും വിഘ്‌നേഷ് ശിവൻ പങ്കുവച്ചു. നയൻതാര: ബിയോണ്ട് ദ ഫെയറി ടെയിൽ എന്ന ഡോക്യു-ഫിലിം ഇന്ന് നെറ്റ് ഫ്ളിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും.

നയൻതാരയുടെ ജീവിതം, കരിയർ, പ്രണയം, വിഘ്‌നേഷ് ശിവനുമായുള്ള വിവാഹം എന്നിവ ഉൾപ്പെടുത്തിയാണ് ഡോക്യു ഫിലിം . ധനുഷ് നിർമിച്ച നാനും റൗഡി താൻ സിനിമയുടെ ലൊക്കേഷനിലാണ് നയൻതാരയും വിഘ്നേഷ് ശിവനും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും.

നാനും റൗഡി താൻ സിനിമയുടെ തിരശീലയ്ക്ക് പിന്നിലെ വീഡിയോ ഉപയോഗിച്ചതിനാണ് ധനുഷ് തങ്ങൾക്ക് വക്കീൽ നോട്ടീസ് അയച്ചതെന്നും നഷ്ടപരിഹാരം പത്തുകോടി ആവശ്യപ്പെട്ടുവെന്നുമാണ് നയൻതാര ദീർഘമായ കത്തിൽ പറഞ്ഞിരുന്നു. രണ്ടുവർഷം എൻ.ഒ.സിക്കുവേണ്ടി ധനുഷിനോട് അഭ്യർത്ഥിച്ചുവെന്നും വിസമ്മതിച്ചെന്നും കത്തിൽ പറയുന്നു.

ധനുഷിനെ വിമർശിച്ചതിന് പിന്നാലെ നയൻതാരയ്ക്കും വിഘ്‌നേഷ് ശിവനും എതിരെ രൂക്ഷമായ സൈബർ ആക്രമണം തുടരുകയാണ്. ധനുഷിനെ അനുകൂലിച്ച് ഹാഷ് ടാഗുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതുവരെ വിവാദത്തിൽ പ്രതികരിക്കാൻ ധനുഷ് തയ്യാറായിട്ടില്ല. അതേസമയം നയൻതാരയ്ക്ക് പിന്തുണയുമായി പാർവതി തിരുവോത്ത്, നസ്രിയ, ഐശ്വര്യ ലക്ഷ്മി തുടങ്ങിയ താരങ്ങൾ എത്തി.