
തിരുവനന്തപുരം: നഗരത്തിൽ ഇരുചക്രവാഹനങ്ങളിൽ നമ്പർപ്ലേറ്റ് ഘടിപ്പിക്കാതെയും മറ്റ് തരത്തിൽ രൂപമാറ്റം വരുത്തിയും പോകുന്ന വാഹനങ്ങൾക്ക് പിടിവീഴും.
ഇത്തരം വാഹനങ്ങൾക്കെതിരെ സിറ്റി ട്രാഫിക് പൊലീസ് കർശന നടപടി ആരംഭിച്ചു. മോട്ടോർ വാഹന നിയമം ലംഘിച്ച് സൈലൻസർ,നമ്പർ പ്ലേറ്റ്,മഡ് ഗാർഡ്,ഇൻഡിക്കേറ്ററുകൾ തുടങ്ങിയവ രൂപം മാറ്റം വരുത്തിയാലും അമിത ശബ്ദമുണ്ടാക്കി സഞ്ചരിച്ചാലും നിയമനടപടി നേരിടണം. കഴിഞ്ഞ ദിവസങ്ങളിൽ ആരംഭിച്ച കർശന പരിശോധനയുടെ ഭാഗമായി 20 കേസുകൾ രജിസ്റ്റർ ചെയ്‌തു. പിടിച്ചെടുത്ത വാഹനങ്ങൾ കോടതിയിൽ ഹാജരാക്കുമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു.
തുടർന്നുള്ള ദിവസങ്ങളിലും സ്‌പെഷ്യൽ ഡ്രൈവുകൾ നടത്തി ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ സ്‌പർജൻ കുമാർ അറിയിച്ചു. ഇത്തരം വാഹനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് ട്രാഫിക് ഐ വാട്സ് ആപ്പ് നമ്പരിൽ (9497930055) അറിയിക്കാം.