rohit-sharma

മുംബയ്: ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയക്ക് എതിരായ ആദ്യ ടെസ്റ്റില്‍ കളിക്കില്ലെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. ഇക്കാര്യം ബിസിസിഐയെ അറിയിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. താരത്തിന്റെ അഭാവത്തില്‍ വൈസ് ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ ഇന്ത്യയെ നയിക്കും. നവംബര്‍ 22ന് പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിലാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. ഡിസംബര്‍ ആറിന് അഡലെയ്ഡ് ഓവലില്‍ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിന് മുമ്പ് താന്‍ ടീമിനൊപ്പം ചേരുമെന്നും രോഹിത് അറിയിച്ചു.

ഭാര്യ റിതികയ്ക്കും രോഹിത്തിനും രണ്ടാമത്തെ കുഞ്ഞ് ജനിച്ചതിനെ തുടര്‍ന്ന് മുംബയില്‍ കുടുംബത്തോടൊപ്പമാണ് രോഹിത് ഇപ്പോള്‍ ഉള്ളത്. കഴിഞ്ഞ ദിവസമാണ് റിതിക ഒരു ആണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. രോഹിത് ശര്‍മ്മ ആദ്യ മത്സരത്തില്‍ കളിക്കില്ലെന്നും രണ്ടാം ടെസ്റ്റിന് മുന്നോടിയായി അദ്ദേഹം സ്‌ക്വാഡിനൊപ്പം ചേരുമെന്നും ബിസിസിഐ വൃത്തങ്ങള്‍ പ്രതികരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കുടുംബത്തോടൊപ്പം കഴിയാനുള്ള രോഹിത്തിന്റെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ പ്രതികരിച്ചതും. ഈ വര്‍ഷം ആദ്യം വിരാട് കൊഹ്ലി തന്റെ രണ്ടാമത്തെ കുട്ടിയുടെ ജനനത്തെ തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര പൂര്‍ണമായി ഒഴിഞ്ഞിരുന്നു. ന്യൂസിലാന്‍ഡിനെതിരെ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പര 3-0ന് തോറ്റതിന് പിന്നാലെ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്കുള്ള ഇന്ത്യയുടെ മാര്‍ഗം കഠിനമായി മാറിയിരിക്കുകയാണ്.

ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫി മത്സരക്രമം

ഒന്നാം ടെസ്റ്റ്, നവംബര് 22-26, പെര്‍ത്ത്
രണ്ടാം ടെസ്റ്റ്, ഡിസംബര്‍ 6-10 അഡലെയ്ഡ്
മൂന്നാം ടെസ്റ്റ് ഡിസംബര്‍ 14-18, ബ്രിസ്‌ബെയ്ന്‍
നാലാം ടെസ്റ്റ് ഡിസംബര്‍ 26-30, മെല്‍ബണ്‍
അഞ്ചാം ടെസ്റ്റ് ജനുവരി 3-7, സിഡ്‌നി