
ചെന്നൈ: നടൻ ധനുഷിനെതിരെ തുറന്ന കത്തെഴുതിയതിന് പിന്നാലെ നയൻതാരയ്ക്കെതിരെ ശക്തമായ സൈബർ ആക്രമണം. സമൂഹ മാദ്ധ്യമങ്ങളിൽ 'സ്റ്റാൻഡ് വിത്ത് ധനുഷ് " എന്ന ഹാഷ്ടാഗിലൂടെയാണ് ആരാധകർ രംഗത്തെത്തിയത്. നയൻതാരയ്ക്ക് പിന്തുണയുമായി ആരാധകരും താരങ്ങളും കൂടി എത്തിയതോടെ വിവാദം കത്തിക്കയറി. നയൻതാരയ്ക്ക് മറുപടി നൽകുമെന്ന് അഭിഭാഷകൻ അറിയിച്ചെങ്കിലും ധനുഷ് മൗനം തുടരുകയാണ്.
നയൻതാരയുടെ വിവാഹ ഡോക്യുമെന്ററിയിൽ 'നാനും റൗഡി താൻ" എന്ന സിനിമയിലെ ദൃശ്യങ്ങൾ ഉപയോഗിച്ചതിനെത്തുടർന്നുണ്ടായ വിവാദമാണ് കത്തിപ്പടരുന്നത്. നയൻതാര അഭിനയിച്ച 'നാനും റൗഡി താൻ" സിനിമ ഭർത്താവ് വിഘ്‌നേഷാണ് സംവിധാനം ചെയ്തത്. ധനുഷായിരുന്നു നിർമ്മാതാവ്. ലൊക്കേഷനിൽവച്ച് പകർത്തിയ മൂന്ന് സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യം ഡോക്യുമെന്ററിയിൽ ഉപയോഗിച്ചതിന് ധനുഷ് പത്തുകോടി നഷ്ടപരിഹാരം ചോദിച്ച് നയൻതാരയ്ക്ക് നോട്ടീസയച്ചതാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ഇതിന് മറുപടിയായാണ് നയൻതാര തുറന്ന കത്തെഴുതിയത്. തന്നോടും വിഘ്‌നേഷിനോടും വ്യക്തി വൈരാഗ്യം തീർക്കുകയാണെന്നും ധനുഷ് സ്വേച്ഛാധിപതിയാണെന്നും അവർ
തുറന്നടിച്ചു. തുടർന്ന് പാർവതി തിരുവോത്ത്, അനുപമ പരമേശ്വർ, നസ്രിയ നസീം, ഐശ്വര്യ ലക്ഷ്മി, ശ്രുതി ഹാസൻ, ദിയ മിർസ, ശിൽപ റാവു തുടങ്ങിയ നടിമാർ നയൻതാരയ്ക്ക് പിന്തുണയുമായി രംഗത്തെത്തി.