
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നതിനിടെ ബീരേൻ സിംഗ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് കോൺറാഡ് സാങ്മയുടെ നാഷണൽ പീപ്പിൾസ് പാർട്ടി. സംഘർഷം നിയന്ത്രിക്കുന്നതിൽ സർക്കാർ സമ്പൂർണ പരാജയമാണെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയ്ക്ക് അയച്ച കത്തിൽ എൻ.പി.പി കുറ്റപ്പെടുത്തി. സംസ്ഥാനത്ത് നിലവിലുള്ള ക്രമസമാധാന നിലയെക്കുറിച്ച് കത്തിൽ എൻ.പി.പി ഉത്കണ്ഠ അറിയിച്ചു.
സംഘർഷത്തിൽ പ്രതിപക്ഷം ബി.ജെ.പിക്കെതിരെ വിമർശനം കടുപ്പിക്കുന്നതിനിടെയാണ് എൻ.പി.പി തീരുമാനം പുറത്തുവന്നത്. അതേസമയം എൻ.പി.പിയുടെ പിൻമാറ്റം സർക്കാരിന്റെ നിലനിൽപ്പിനെ ബാധിക്കില്ല. 60 അംഗ നിയമസഭയിൽ ബി.ജെ.പിക്ക് 37 സീറ്റുകളുണ്ട്. 7 സീറ്റുകളാണ് എൻ.പി.പിക്ക്. 31 സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത്. ജനതാദൾ യുണൈറ്റഡിന്റെ 5, നാഗാ പീപ്പിൾസ് ഫ്രണ്ടിന്റെ 5, മൂന്ന് സ്വതന്ത്ര എം.എൽ.എമാർ എന്നിവരുടെ പിന്തുണയും ബി.ജെ.പിക്കുണ്ട്.