sanju-samson

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ നാലാമത്തെ ട്വന്റി 20 മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറിയാണ് സഞ്ജു സാംസണ്‍ നേടിയത്. ആറ് ബൗണ്ടറികളും ഒമ്പത് സിക്‌സറുകളും സഹിതം 56 പന്തുകളില്‍ പുറത്താകാതെ 107 റണ്‍സാണ് താരം നേടിയത്. നാലാം മത്സരത്തില്‍ സഞ്ജു അടിച്ച സിക്‌സറുകളില്‍ ഒന്ന് കാണികളില്‍ ഒരു യുവതിയുടെ മുഖത്താണ് പതിച്ചത്. വേദനകൊണ്ട് യുവതി കരയുന്ന ദൃശ്യങ്ങള്‍ തത്സമയം കാണിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ മത്സരത്തിന് ശേഷമുള്ള സഞ്ജുവിന്റെ ഒരു പ്രവര്‍ത്തി കയ്യടികള്‍ നേടുകയാണ്. പന്ത് കൊണ്ട് കരഞ്ഞ യുവതിയെ മലയാളി താരം നേരിട്ടെത്തി ആശ്വസിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്. നിലത്ത് പിച്ച് ചെയ്തതിന് ശേഷമാണ് മുഖത്ത് കൊണ്ടെതെന്നുള്ളതുകൊണ്ട് കൂടുതല്‍ പരിക്കുകളില്ലാതെ രക്ഷപ്പെടുകയായിരുന്നു.

വേദനകൊണ്ട് കരഞ്ഞ യുവതിയുടെ മുഖത്ത് ഐസ്പാക്ക് വച്ചുകൊടുക്കുന്നത് വീഡിയോയില്‍ കാണാമായിരുന്നു. ശ്രദ്ധിക്കൂവെന്നും സഞ്ജു നിര്‍ദേശിക്കുന്നുമുണ്ടായിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട മറ്റൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മത്സരത്തിന് ശേഷം സഞ്ജു അവരുമായി സംസാരിക്കുന്നതും കാര്യങ്ങളെ കുറിച്ച് അന്വേഷിക്കുന്നതുമാണ് വീഡിയോയില്‍. ഒട്ടേറെ ആരാധകര്‍ സഞ്ജുവിനൊപ്പം സെല്‍ഫിയെടുക്കുന്നുമുണ്ട്.