deadbody

കാസര്‍കോട്: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയും യുവാവും ആളൊഴിഞ്ഞ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. കാസര്‍കോട് ജില്ലയിലെ പരപ്പ പുലിയംകുളത്താണ് സംഭവം. നെല്ലിരിയിലെ ആളൊഴിഞ്ഞ വീട്ടിലാണ് രാജേഷ് (21), ലാവണ്യ (17) എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നെല്ലിയേരി സ്വദേശിയാണ് രാജേഷ്, മാലോത്ത് കസബ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് ലാവണ്യ. ശനിയാഴ്ചയാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

ശനിയാഴ്ച രാവിലെ ലാവണ്യയും സുഹൃത്തായ മറ്റൊരു പെണ്‍കുട്ടിയും ഒരുമിച്ചാണ് പരപ്പയെന്ന സ്ഥലത്ത് എത്തിയത്. ഇവിടെ നിന്ന് സുഹൃത്തിനെ മടക്കിയയച്ച ശേഷം ലാവണ്യ നെല്ലിരിയിലെ രാജേഷിന്റെ വീട്ടിലേക്ക് തനിച്ച് പോകുകയായിരുന്നു. അവിടെ വെച്ച് സംസാരിച്ച ശേഷം രാജേഷും ലാവണ്യയും ചേര്‍ന്ന് തൊട്ടടുത്തുള്ള ആളൊഴിഞ്ഞ വീട്ടിലേക്ക് പോകുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും ഇരുവരേയും കാണാതായതോടെ അന്വേഷിച്ചെത്തിയപ്പോഴാണ് വീടിന്റെ ഹൂക്കില്‍ രാജേഷും ലാവണ്യയും തൂങ്ങി മരിച്ചതായി കണ്ടെത്തിയത്.

ഉടനെ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയും അവര്‍ സംഭവസ്ഥലത്തേക്ക് എത്തുകയുമായിരുന്നു. രാഘവന്റെയും ജാനകിയുടെയും മകനാണ് രാജേഷ്. സഹോദരങ്ങള്‍: രേഷ്മ, രാധിക, രാഹുല്‍. ലക്ഷ്മിയാണ് ലാവണ്യയുടെ അമ്മ. സഹോദരന്‍: അദ്വൈത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)