ration-shop

തൃശൂർ: റേഷൻ വ്യാപാരികളുടെ വേതനം യഥാസമയം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച കടകളടച്ച് താലൂക്ക് കേന്ദ്രങ്ങളിൽ ധർണ നടത്തുമെന്ന് സംയുക്ത സമരസമിതി ഭാരവാഹികൾ. രണ്ടുമാസമായി ജോലി ചെയ്ത കൂലി ലഭിച്ചിട്ടില്ല. സുപ്രീംകോടതി ഉത്തരവുണ്ടായിട്ടും കിറ്റ് കമ്മിഷന്റെ പകുതിയാണ് ലഭിച്ചത്. ഓണത്തിന് സർക്കാർ റേഷൻ വ്യാപാരികൾക്ക് പ്രഖ്യാപിച്ച ആയിരം രൂപ ഓണറേറിയം വിതരണം ചെയ്യുക,വേതന പാക്കേജ് വർദ്ധനവ്,ക്ഷേമനിധി,കെ.ടി.പി.ഡി.എസ് ഓർഡർ പരിഷ്‌കരണം എന്നിവയിൽ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ നടപടി സ്വീകരിച്ചല്ലെങ്കിൽ ജനുവരി ആറു മുതൽ അനിശ്ചിതകാല കടയടപ്പ് സമരവുമായി മുന്നോട്ടുപോകുമെന്ന് സമര സമിതി ജനറൽ കൺവീനർ ജോണി നെല്ലൂർ,കൺവീനർ സി. മുഹമ്മദാലി,ട്രഷറർ സി. മോഹനൻപിള്ള,ജില്ലാ കൺവീനർ സെബാസ്റ്റ്യൻ ചൂണ്ടൽ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


അതേസമയം ഗോഡൗണുകളിൽ നിന്നു റേഷൻ കടകളിലേക്ക് 'വാതിൽപ്പടി' വിതരണം നടത്തുന്ന ട്രാൻസ്പോർട്ടിംഗ് കരാറുകാരുടെ സമരം പിൻവലിച്ചതോടെ നവംബർ മാസത്തേക്കുള്ള റേഷൻ സാധനങ്ങളുടെ വിതരണം നാളെ മുതൽ പുനരാരംഭിക്കും. കഴിഞ്ഞ ദിവസം മന്ത്രിമാരായ ജി.ആർ.അനിൽ, വി.ശിവൻകുട്ടി എന്നിവരുമായി കരാറുകാരുടെ സംഘടന നടത്തിയ ചർച്ചയെ തുടർന്നാണിത്.
ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡിൽ അടയ്ക്കേണ്ട വിഹിതം കുടിശികയായതിനെ തുടർന്നുള്ള പിഴപ്പലിശ ഒഴിവാക്കണമെന്ന കരാറുകാരുടെ ആവശ്യം ചർച്ച ചെയ്യാൻ 22ന് ക്ഷേമനിധി ബോർഡ് യോഗം ചേരും. കരാറുകാർക്കു നൽകാനുള്ള ബിൽത്തുകയിൽ സെപ്തംബർ മാസത്തെ 60% തുക ഈയാഴ്ച നൽകും.അതേസമയം, റേഷൻ വിതരണത്തിനുള്ള കരാർ പുതുക്കുന്ന നടപടികളിൽ കേന്ദ്ര നിർദേശപ്രകാരം മാറ്റം വരുത്തേണ്ടതിനാൽ ഇതിനായി ക്ഷണിച്ച പുതിയ ടെൻഡർ അന്തിമമാക്കുന്ന നടപടികൾ വൈകും. ഡിസംബർ 31 വരെ ഇപ്പോഴത്തെ കരാർ തുടരാൻ ചർച്ചയിൽ ധാരണയായി..