
വാഷിംഗ്ടൺ : മനുഷ്യൻ ഈ ലോകത്ത് നിന്ന് ഇല്ലാതായാലോ ? പിന്നെ ഏത് ജീവിയാകും ഭൂമി ഭരിക്കുക ? മനുഷ്യനോളം ഭൂമിയെ നിയന്ത്രിക്കാൻ ശേഷിയുള്ള മറ്റൊരു ജീവി വർഗ്ഗം കടലിലെ നീരാളികൾ ആണത്രെ.! ഭൂമിയിൽ നിന്ന് മനുഷ്യർ അപ്രത്യക്ഷമായാൽ നീരാളി ലോകത്ത് ആധിപത്യം നേടുമെന്ന് ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ടിം കോൾസൺ പറയുന്നു. യുദ്ധവും കാലാവസ്ഥാ വ്യതിയാനവും ഭൂമിയെ നാശത്തിലേക്ക് തള്ളിവിടുന്നു.
മനുഷ്യൻ ഇല്ലാതാകുന്ന സാഹചര്യം വന്നാൽ തീർച്ചയായും മറ്റ് പല സ്പീഷീസുകളും ഭൂമിയിൽ നിന്ന് തുടച്ചുനീക്കപ്പെടും. എന്നാൽ ദിനോസറുകൾക്ക് മുമ്പ് തന്നെ ഭൂമുഖത്തുള്ള നീരാളിയ്ക്ക് ഇതിനെ അതിജീവിക്കാൻ സാധിക്കുമത്രെ. 300 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന നീരാളിയുടെ ഫോസിൽ വരെ കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും ബുദ്ധിശക്തിയുള്ള ജീവികളിലൊന്നാണ് നീരാളി.
ഏകദേശം 500 ദശലക്ഷം ന്യൂറോണുകൾ നീരാളിയുടെ തലയിലും കൈകളിലുമുണ്ട്. അതിനാൽ അപകട സാഹചര്യങ്ങളെ അതിജീവിക്കാനുള്ള കഴിവ് ഇവർക്ക് ഏറെയാണ്. തീരുമാനങ്ങളെടുക്കാനും പഠിക്കാനും ശത്രുക്കളെ ഓർത്ത് വയ്ക്കാനും നീരാളിക്ക് സാധിക്കുമെന്ന് പറയുന്നു. നീരാളികൾ ഒരുപക്ഷേ, കരയിലെത്താനുള്ള സാദ്ധ്യത തള്ളാനാകില്ലെന്നും കോൾസൺ അവകാശപ്പെട്ടു.
എട്ട് കൈകളോട് കൂടിയ നീരാളികൾ ശാസ്ത്രലോകത്തിന് അത്ഭുതമാണ്. വ്യത്യസ്ത നിറങ്ങളിലും ആകൃതിയിലും വലിപ്പത്തിലുമൊക്കെ നീരാളിയെ കണ്ടുവരുന്നു. ചില അവസരങ്ങളിൽ ശത്രുക്കളിൽ നിന്ന് രക്ഷനേടാൻ ചുറ്റുപാടുമായി യോജിക്കുന്ന തരത്തിലെ നിറത്തിലേക്ക് മാറാൻ ഇവയ്ക്കാകും. മൂന്ന് ഹൃദയങ്ങളുള്ള നീരാളിയുടെ രക്തത്തിന് നീലനിറമാണ്.
6 മാസം മുതൽ 5 വർഷം വരെയാണ് നീരാളിയുടെ ആയുസ്. ജയന്റ് പസഫിക് ഒക്ടോപസാണ് നീരാളികളുടെ കൂട്ടത്തിൽ വലിപ്പവും ആയുസും കൂടിയവ. 600 പൗണ്ടിലേറെ വരെ ഭാരം ഇവയ്ക്ക് വയ്ക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ സാധാരണഗതിയിൽ 60 പൗണ്ട് വരെയാണ് ഭാരം.