sabarimala

പത്തനംതിട്ട: ശബരിമലയിൽ തീർത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. ആന്ധ്രാപ്രദേശ് വിജയപുരം സ്വദേശി മുരുകാചാരിയാണ് മരിച്ചത്. ശബരിമല കയറുന്നതിനിടെ കഴിഞ്ഞ ദിവസം വൈകുന്നേരം നീലിമല ഭാഗത്തുവച്ചാണ് കുഴഞ്ഞുവീണത്. പ്രാഥമിക ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല. നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

അതേസമയം, മണ്ഡലകാല തീർത്ഥാടനത്തിന് നടതുറന്ന ശേഷമുള്ള ആദ്യ അവധി ദിവസത്തിലും സന്നിധാനത്ത് കുറഞ്ഞ തിരക്കാണ് അനുഭവപ്പെട്ടത്. സുഖദർശനം നടത്തിയാണ് ഇന്നലെ തീർത്ഥാടകർ മടങ്ങിയത്. നട അടച്ചിരിക്കുമ്പോഴും പതിനെട്ടാം പടികയറാൻ തീർത്ഥാടകരെ അനുവദിക്കുന്നുണ്ട്. ഇവരെ വടക്കേനടയിലേക്ക് ഇറക്കിനിറുത്തിയശേഷം നടതുറക്കുമ്പോൾ ആദ്യം കടത്തിവിടും. പുലർച്ചെ നടതുറക്കുമ്പോൾ മാത്രമാണ് വലിയ നടപ്പന്തലിലും സന്നിധാനത്തും ചെറിയതോതിൽ തിരക്ക് അനുഭവപ്പെടുന്നത്.

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 1,51,977 പേർ ദർശനത്തിനെത്തി. ഇന്നലെ വൈകിട്ട് ഏഴ് വരെയുള്ള കണക്കാണിത്. നടതുറന്ന വെള്ളിയാഴ്ച വൈകിട്ട് നാലുമുതൽ രാത്രി 11 വരെ 30,687 പേരാണ് എത്തിയത്. 30,000 പേരാണ് അന്ന് വെർച്വൽ ക്യൂവിലൂടെ ബുക്ക് ചെയ്തിരുന്നത്. ഇതിൽ 26,942 പേർ ദർശനം നടത്തി. ശനിയാഴ്ച 59,624 പേർ വെർച്വൽ ക്യൂ വഴിയും 5,862 പേർ സ്‌പോട്ട് ബുക്കിംഗിലൂടെയും സന്നിധാനത്ത് എത്തി. ഇന്നലെ വെർച്വൽ ക്യൂ ബുക്കിംഗ് 70,000 ആയിരുന്നു. രാത്രി ഏഴുവരെ 55,804 പേർ ദർശനം നടത്തി. ഇതിൽ 51,210 പേർ വെർച്വൽ ക്യൂ വഴിയും 4,594 പേർ സ്‌പോട്ട് ബുക്കിംഗിലൂടെയുമാണ് എത്തിയത്.