cases

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം ഇതുവരെ പകർച്ചവ്യാധികൾ ബാധിച്ച് മരിച്ചത് 34 പേർ. എലിപ്പനി, ഡെങ്കി, ഹെപ്പറ്റെറ്റിസ്, മസ്തിഷ്കജ്വരം, ചെള്ളുപനി എന്നിവ ബാധിച്ചതാണിത്. ഈ മാസം 2,045 പേർക്ക് ഡെങ്കിപ്പനി ബാധിച്ചു. 402പേർക്ക് എലിപ്പനി, 1,295 പേർക്ക് ഹെപ്പറ്റൈറ്റിസ്, 62പേർക്ക് ചെള്ളുപനി, 1027പേർക്ക് ചിക്കൻപോക്‌സ്, 15,731 പേർക്ക് ജലജന്യരോഗങ്ങൾ എന്നിവ ബാധിച്ചു.

എലിപ്പനി ബാധിച്ച് 16പേരും ഡെങ്കി കാരണം ഏഴു പേരുമാണ് മരിച്ചത്. ഹെപ്പറ്റെറ്റിസ് ബാധിച്ച് ആറുപേരും മസ്‌തിഷ്‌കജ്വരത്തിന്റെ ലക്ഷണങ്ങളോടെ മൂന്നും ചെള്ളുപനി ബാധിച്ച് രണ്ടു പേരും മരിച്ചു. എലിപ്പനിയും ഡെങ്കിയുമാണ് കൂടുതൽ അപകടകാരികൾ. തുടക്കത്തിലേ ചികിത്സിക്കാത്തതാണ് എലിപ്പനി മരണങ്ങൾക്ക് കാരണം. മലിന ജലത്തിലിറങ്ങിയവരിൽ ഡോക്സിസൈക്ലിൻ പ്രതിരോധ ഗുളിക കഴിക്കാത്തവരിൽ മരണം കൂടുതലാണെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്.

ഇടവിട്ടുള്ള മഴ തുടരുന്നതിനാൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി. കൊതുകിന്റെ ഉറവിട നശീകരണം കാര്യക്ഷമാക്കിയാൽ ഡെങ്കി ബാധിക്കുന്നത് ഒരുപരിധിവരെ ഒഴിവാക്കാം. വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യങ്ങളും ഒഴിവാക്കണം.

എലിപ്പനി: ശ്രദ്ധവേണം

1.മലിനജലത്തിൽ ഇറങ്ങുന്നവർ എലിപ്പനി പ്രതിരോധ ഗുളിക കഴിക്കണം. കാലിൽ മുറിവുകൾ ഉൾപ്പെടെയുള്ളവർ മലനിജലത്തിൽ ഇറങ്ങിയാൽ വേഗം വൈറസ് ശരീരത്തിലെത്തും

2.പനി ബാധിച്ചാലും നിസാരവത്കരിച്ച് സ്വയം ചികിത്സ നടത്തുന്നതാണ് എലിപ്പനി മരണങ്ങളിലേക്ക് നയിക്കുന്നത്

3.മൂന്നു ദിവസത്തിൽ കൂടുതലുള്ള പനിയുണ്ടെങ്കിൽ വൈദ്യസഹായം തേടണം. ഡോക്ടറുടെ നിർദ്ദേശാനുസരണം പരിശോധനകൾ നടത്തണം