sheikh-hasina

ധാക്ക: പ്രക്ഷോഭത്തെത്തുടർന്ന് ഇന്ത്യയിലേയ്ക്ക് പലായനം ചെയ്ത മുൻ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനയെ കൈമാറാൻ ആവശ്യപ്പെടുമെന്ന് ബംഗ്ളാദേശ് സർക്കാരിന്റെ മുഖ്യ ഉപേദേഷ്ടാവ് മുഹമ്മദ് യൂനുസ്. ഇടക്കാല സ‌ർക്കാർ 100 ദിവസം പൂർത്തിയാക്കിയ സാഹചര്യത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു യൂനുസ്.

രാജ്യത്തുനടന്ന എല്ലാ കൊലപാതകങ്ങളിലും നീതി ഉറപ്പുവരുത്തും. സ്ഥാനഭ്രഷ്‌ടയായ ഏകാധിപതി ഷെയ്‌ഖ് ഹസീനയെ തിരികെ അയയ്‌ക്കാൻ ഇന്ത്യയോട് ആവശ്യപ്പെടും. ന്യൂനപക്ഷ മതവിഭാഗങ്ങൾ ഉൾപ്പെടെ രാജ്യത്തെ എല്ലാ പൗരന്മാരുടെയും സുരക്ഷ ഉറപ്പുവരുത്താൻ സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുകയാണെന്നും യൂനുസ് വ്യക്തമാക്കി.

വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ ഫലമായി ഈ വർഷം ആഗസ്റ്റ് അഞ്ചിനാണ് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തത്. ഹസീനയുടെ പതനത്തിന് മുമ്പ് നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ പൊലീസുകാരുൾപ്പടെ 1500ലധികം ആളുകൾ കൊല്ലപ്പെട്ടെന്നാണ് കണക്ക്. ഇന്ത്യയിൽ അഭയംതേടിയ ഹസീനയ്ക്കെതിരെ ബംഗ്ലാദേശിൽ 44 കേസുകൾ ചുമത്തിയിട്ടുണ്ടെന്നാണ് വിവരം. ഇതിൽ പകുതിയിലേറെയും കൊലക്കുറ്റങ്ങളാണ്. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന സംവരണ വിരുദ്ധ പ്രക്ഷോഭങ്ങൾക്കിടെ പൊലീസ് വെടിവയ്പിലും മറ്റുമുണ്ടായ മരണങ്ങളുടെ പേരിലാണ് കേസുകൾ.

ബംഗ്ലാദേശ് എയര്‍ഫോഴ്‌സിന്റെ വിമാനത്തില്‍ ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ പറന്നിറങ്ങിയ ഹസീന ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡല്‍ഹിയിലേക്കാണ് പോയത്. ഇവിടെനിന്ന് ഹസീനയെ രഹസ്യ താവളത്തിലേയ്ക്ക് മാറ്റിയെന്നും വിവരമുണ്ട്. എന്നാൽ പിന്നീട് ഹസീനയെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല.

ഹസീന ഇപ്പോഴും ഇന്ത്യയില്‍ തന്നെയുണ്ടെന്നാണ് ദി പ്രിന്റ് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് മാസത്തിലേറെയായി ന്യൂഡല്‍ഹിയിലെ ലുതിയന്‍സ് ബംഗ്ലാവ് സോണിലാണ് ഷെയ്ഖ് ഹസീന കഴിയുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മന്ത്രിമാര്‍, മുതിര്‍ന്ന പാര്‍ലമെന്റ് അംഗങ്ങള്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് സാധാരണയായി അനുവദിക്കുന്ന ബംഗ്ലാവാണ് ഹസീനക്ക് നല്‍കിയിരിക്കുന്നത്. അതിസുരക്ഷാ സന്നാഹം ഇവിടെ ഒരുക്കിയിട്ടുണ്ടെന്നും വിവരമുണ്ട്.