money

ഒറ്റരാത്രി കൊണ്ട് കോടീശ്വരനായാൽ നിങ്ങൾ എന്ത് ചെയ്യും? ചിലർ ആഡംബര ജീവിതം നയിക്കാൻ ശ്രമിക്കും. മ​റ്റുചിലരാകട്ടെ ഉണ്ടായിരുന്ന കടങ്ങളെല്ലാം തീർത്ത് സമാധാനത്തോടെ ജീവിക്കും. ഇപ്പോഴിതാ 114 മില്യൺ പൗണ്ട് (ഏകദേശം 121 കോടി രൂപ) ലോട്ടറിയടിച്ച ദമ്പതികൾ ചെയ്ത കാര്യമാണ് സോഷ്യൽമീഡിയയിൽ ചർച്ചയായിരിക്കുന്നത്. നോർത്തേൺ അയർലൻഡ് സ്വദേശിയായ ഫ്രാൻസിസ് കൊണോലിയെയാണ് (58) ഇത്തവണ ഭാഗ്യദേവത കടാക്ഷിച്ചിരിക്കുന്നത്. ലോട്ടറി തുകയുപയോഗിച്ച് ഫ്രാൻസിസും വ്യവസായിയായ ഭർത്താവും ചെയ്ത കാര്യങ്ങൾ അടുത്തിടെ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ലോട്ടറി സമ്മാനം ലഭിച്ചതോടെ ദമ്പതികൾ ഇംഗ്ലണ്ടിലെ ഹാർട്ട്പൂളിലേക്ക് താമസം മാറുകയായിരുന്നു. ലഭിച്ച പണമുപയോഗിച്ച് നിർദ്ധനരായ ആളുകളെ സഹായിക്കുകയെന്നതായിരുന്നു ഇരുവരുടെയും തീരുമാനം. ഇതോടെ ഫ്രാൻസിസും ഭർത്താവും രണ്ട് ചാരി​റ്റബിൾ ഫൗണ്ടേഷനുകൾ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്. ലഭിച്ച പണം ഉപയോഗിച്ച് എന്ത് ചെയ്യുമെന്ന് ഫ്രാൻസിസിനോട് ചോദിച്ചപ്പോൾ ആദ്യം ഒരു ജോഡി ഷൂസ് വാങ്ങുമെന്നാണ് ഒരു മാദ്ധ്യമത്തോട് പറഞ്ഞത്.

ഭർത്താവിന് സൗത്ത് ലണ്ടനിൽ ഒരു പുതിയ കമ്പനിയിൽ ചേരാൻ താൽപര്യമുണ്ടെന്ന് ഫ്രാൻസിസ് അറിയിച്ചതായും റിപ്പോർട്ടുണ്ട്. ദമ്പതികൾക്ക് മൂന്ന് പെൺമക്കളുണ്ട്. സമ്മാനതുകയിൽ നിന്ന് 60 മില്യൺ പൗണ്ട് കുടുംബത്തിനായും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായും ഫ്രാൻസിസ് ചെലവാക്കി. വലിയ ആഘോഷം നടത്തുന്നതിനെക്കാൾ പാവപ്പെട്ടവരുടെ ചിരി കാണുമ്പോഴാണ് സന്തോഷമുണ്ടാകുന്നതെന്ന് ഫ്രാൻസിസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.