
ഇന്ത്യൻ ക്രിക്കറ്റിന്റെ 'തല' എന്ന് അറിയപ്പെടുന്ന താരമാണ് മഹേന്ദ്ര സിംഗ് ധോണി. ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്‌ടന്മാരിൽ ഒരാൾ കൂടിയാണ് അദ്ദേഹം. 2020ൽ ധോണി ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. ക്രിക്കറ്റ് താരത്തിന് പുറമെ മികച്ചൊരു സംരംഭകൻ കൂടിയാണ് താരം. ധോണിയുടെ 800 കോടിയുടെ ബിസിനസ് സാമ്രാജ്യം നോക്കി നടത്തുന്നത് രണ്ട് വനിതകളാണ്. ധോണിയുടെ ഭാര്യ സാക്ഷിയും അമ്മായിയമ്മ ഷീല സിംഗും ചേർന്നാണ് താരത്തിന്റെ ബിനിനസ് പ്രവർത്തനങ്ങൾ നോക്കിനടത്തുന്നത്.
ധോണി എന്റർടെയ്‌ൻമെന്റ് ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർമാരാണ് ഷീല സിംഗും സാക്ഷിയും. 2020ലാണ് ധോണി നിർമാണ കമ്പനി ആരംഭിച്ചത്. അന്നുമുതൽ ഇരുവരും ചേർന്നാണ് കമ്പനിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും മേൽനോട്ടം വഹിക്കുന്നത്. കനോയ് ഗ്രൂപ്പിന്റെ ബിനാഗുരി ടീ കമ്പനിയിൽ സാക്ഷിയുടെ പിതാവ് ആർ കെ സിംഗും ധോണിയുടെ പിതാവ് പാൻ സിംഗ് ധോണിയും ഒരുമിച്ച് ജോലി ചെയ്തിരുന്നു.

ഭാര്യയുടെയും അമ്മായിമ്മയുടെയും മേൽനോട്ടത്തിൽ വെറും നാല് വർഷംകൊണ്ടാണ് ധോണിയുടെ നിർമാണ കമ്പനി 400 കോടി മൂല്യമുള്ള കമ്പനിയായി മാറിയത്. ധോണിയുടെ 1030 കോടി ആസ്‌തിയിൽ വലിയ സംഭാവനയാണ് നിർമാണ കമ്പനി നൽകുന്നത്. കമ്പനിയിൽ കൂടുതൽ ഓഹരികളും ഭാര്യ സാക്ഷിയുടെ പേരിലാണുള്ളതെങ്കിലും ഷീല സിംഗാണ് ബിസിനസിന്റെ എല്ലാ കാര്യങ്ങളിലും മേൽനോട്ടം വഹിക്കുന്നത്.
ധോണിയുടെ ക്രിക്കറ്റ് കരിയറിൽ നിർണായക പങ്ക് വഹിച്ച വ്യക്തിയാണ് സഹോദരി ജയന്തി ഗുപ്‌ത. ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ധോണിയെ ക്രിക്കറ്റിന്റെ പിറകെ പോകാൻ പിതാവ് അനുവദിച്ചിരുന്നില്ല. പിതാവിനെ അനുനയിപ്പിച്ച് ധോണിക്ക് ക്രിക്കറ്റ് കരിയർ വളർത്താൻ അവസരമൊരുക്കിയത് സഹോദരിയായിരുന്നു.