
ഒരിക്കൽ ഒരു രാജാവ് വേഷം മാറി വേട്ടയാടാൻ കാട്ടിലേക്കു പോയി. നായാട്ടിനിടയിൽ കൂടെയുള്ളവരിൽ നിന്ന് വഴിതെറ്റി അദ്ദേഹം ഒറ്റപ്പെട്ടു. വിശന്നു തളർന്ന രാജാവ് അവിടെകണ്ട ഒരു കുടിലിലേക്കു കയറി. അവിടെ കാട്ടുജാതിക്കാരായിരുന്നു താമസിച്ചിരുന്നത്. അവർ രാജാവിനെ തിരിച്ചറിഞ്ഞില്ല. അദ്ദേഹത്തിനു കഴിക്കാനായി അവർ കുറച്ചു പഴങ്ങൾ നല്കി. അതിലൊരു പഴം കഴിച്ചിട്ട് അദ്ദേഹം പറഞ്ഞു, 'ഇതിനു കയ്പ്പുണ്ടല്ലോ". കാട്ടുജാതിക്കാർ പറഞ്ഞു, 'എന്തു ചെയ്യാം. ഈ രാജ്യം ഭരിക്കുന്ന രാജാവ് അങ്ങേയറ്റം സ്വാർത്ഥനും ഭോഗിയും സ്ത്രീലമ്പടനുമാണ്. ക്രൂരനായ അദ്ദേഹം പാവപ്പെട്ട ജനങ്ങളിൽനിന്നും അമിതമായി നികുതി പിരിക്കുന്നു. നികുതി അടയ്ക്കാൻ കഴിവില്ലാത്തവരെ കൊല്ലുന്നു. അദ്ദേഹത്തിന്റെ ഈ വിധമുള്ള അധാർമ്മികമായ പ്രവൃത്തികൾ കാരണം സ്വതവേ മധുരമായ പഴങ്ങൾ പോലും കയ്പായിത്തീർന്നു."
കൊട്ടാരത്തിൽ തിരിച്ചെത്തിയശേഷവും രാജാവിനു കാട്ടിൽവച്ചു നടന്ന സംഭവം മറക്കാൻ കഴിഞ്ഞില്ല. 'ഞാൻ കാരണം ജനങ്ങൾ ഇത്രയധികം കഷ്ടപ്പെടുന്നുവല്ലോ" എന്നോർത്ത് അദ്ദേഹം പശ്ചാത്തപിച്ചു. ഇനിയുള്ള ജീവിതം ജനങ്ങൾക്കു വേണ്ടി ഉഴിഞ്ഞുവയ്ക്കാൻ അദ്ദേഹം നിശ്ചയിച്ചു. അങ്ങനെ നികുതി വെട്ടിക്കുറച്ചു. ദാനധർമ്മങ്ങളും ജനങ്ങൾക്കുവേണ്ട സഹായങ്ങളും ചെയ്യുവാനാരംഭിച്ചു. കുറച്ചുകാലം കഴിഞ്ഞപ്പോൾ രാജാവ് വേഷപ്രച്ഛന്നനായി വീണ്ടും നായാട്ടിനു പോയി. അപ്പോൾ അദ്ദേഹം ആ പഴയ കുടിൽ സന്ദർശിച്ചു. വീട്ടുകാർ സന്തോഷത്തോടെ അദ്ദേഹത്തിന് കഴിക്കാൻ പഴങ്ങൾ നല്കി. രാജാവ് അവ രുചിച്ചു നോക്കി. എല്ലാത്തിനും നല്ല മധുരം. ഈ വ്യത്യാസത്തിന്റെ കാരണം രാജാവ് അന്വേഷിച്ചു. അവർ പറഞ്ഞു, 'ഞങ്ങളുടെ രാജാവിന്റെ സ്വഭാവം പൂർണ്ണമായി മാറിയിരിക്കുന്നു. അദ്ദേഹം വളരെ നല്ല രീതിയിലാണ് ഇപ്പോൾ രാജ്യം ഭരിക്കുന്നത്. പ്രജകളെല്ലാം സന്തുഷ്ടരും സംതൃപ്തരുമാണ്. രാജാവിന്റെ സത്പ്രവൃത്തികൾ കാരണം പ്രകൃതിയിലും നല്ല മാറ്റം വന്നു. അതുകൊണ്ടാണീ പഴങ്ങൾ മധുരിക്കുന്നത്."
എന്താണ് ഈ കഥയുടെ സാരം? ഈ പ്രപഞ്ചത്തിൽ എല്ലാത്തിനുമൊരു താളമുണ്ട്. കാറ്റിനും മഴയ്ക്കും കടലിനും തിരമാലകൾക്കും നമ്മുടെ ശ്വാസഗതിക്കും ഹൃദയസ്പന്ദനത്തിനും എല്ലാത്തിനും അതിന്റേതായ താളമുണ്ട്. മനസിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിനും ആയുസിനും ഈ താളം നിലനിറുത്തേണ്ടത് ആവശ്യമാണ്. നമ്മുടെ ചിന്തയും പ്രവൃത്തിയുമാണു ജീവിതത്തിന്റെ താളവും ശ്രുതിയുമായി മാറുന്നത്. ചിന്തയുടെ താളംതെറ്റിയാൽ അതു പ്രവൃത്തിയിൽ പ്രതിഫലിക്കും. മനുഷ്യന്റെ പ്രവൃത്തികൾ പ്രകൃതിയെയും സ്വാധീനിക്കുന്നു. നമ്മുടെ പ്രവൃത്തികൾ ചീത്തയായാൽ പ്രകൃതിയുടെ താളവും തെറ്റും. പ്രവൃത്തികൾ നന്നായാൽ പ്രകൃതിയിലും അതു പ്രതിഫലിക്കും. പ്രകൃതിയുടെ താളം വീണ്ടുകിട്ടും.
ഇന്നു മനുഷ്യർ പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുന്നു. ഇതു കാരണം പ്രകൃതിയുടെ താളംതെറ്റുകയാണ്. മനുഷ്യന്റെ സ്വാർത്ഥ പ്രവൃത്തികൾ അവനു തന്നെ തിരിച്ചടിയാകുന്നു. സുനാമിയും ഉരുൾപൊട്ടലും ഭൂചലനവും പോലെയുള്ള ദുരന്തങ്ങൾക്കു പ്രധാനകാരണം പ്രകൃതിയുടെ ഈ താളംതെറ്റലാണ്. അതിനാൽ പ്രവൃത്തികൾ നന്നാക്കാൻ ഓരോരുത്തരും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഭൂരിപക്ഷം ജനങ്ങളും സത്കർമ്മങ്ങളിൽ മുഴുകുമ്പോൾ പ്രകൃതിയുടെ താളവും വീണ്ടുകിട്ടും. ലോകത്ത് ശാന്തിയും ഐശ്വര്യവും പുലരും.