pic

ടെഹ്റാൻ: പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ (85) ആരോഗ്യനില സംബന്ധിച്ച അഭ്യൂഹങ്ങൾ നിഷേധിച്ച് ഇറാൻ ഭരണകൂടം. ഖമനേയി ലെബനനിലെ ഇറാൻ അംബാസഡർ മൊജ്തബാ അമാനിയുമായി കൂടിക്കാഴ്ച നടത്തുന്ന ചിത്രം ഖമനേയിയുടെ എക്‌സ് അക്കൗണ്ടിലൂടെ പുറത്തുവിട്ടു. ഖമനേയി കോമയിലാണെന്നും മകൻ സയ്യദ് മൊജ്തബാ ഹുസൈനി ഖമനേയിക്ക് രഹസ്യമായി ചുമതല കൈമാറിയെന്നുമാണ് പ്രചരിക്കുന്നത്.

അതിനിടെ,​ ഖമനേയിയുടെ പിൻഗാമിയെ കണ്ടെത്താൻ ചുരുക്കപ്പട്ടിക തയ്യാറായെന്ന് വിവരമുണ്ട്. പരമോന്നത നേതാവിനെ നിയമിക്കാൻ അധികാരമുള്ള അസംബ്ലി ഒഫ് എക്‌സ്‌പേർട്‌സ് മൂന്ന് പേരുടെ ലിസ്റ്റാണ് തയ്യാറാക്കിയത്. പേരുകൾ വെളിപ്പെടുത്തിയിട്ടില്ല. സയ്യദിന് പുറമേ അസംബ്ലി ഒഫ് എക്‌സ്‌പേർട്‌സിലെ ഉന്നതരായ അലിറേസ അറാഫി, ഹാഷിം ഹുസൈനി ബുഷെഹ്‌രി എന്നിവർക്കും സാദ്ധ്യതയുണ്ട്.