
@ വരുണിന് രണ്ടാം സെഞ്ച്വറി, പവൻരാജിന് 13 വിക്കറ്റ്
വയനാട്: സി.കെ നായിഡു ട്രോഫി ക്രിക്കറ്റിൽ തമിഴ്നാടിനെതിരെ ചരിത്രത്തിലെ ആദ്യജയം നേടി കേരളം. വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയം വേദിയായ മത്സരത്തിൽ ബാറ്റിംഗിലും ബൗളിംഗിലും നിറഞ്ഞാടിയ കേരളം 199 റൺസിനാണ് തമിഴ്നാടിനെ കീഴടക്കിയത്.
അവസാന ദിനമായിരുന്ന ഇന്നലെ വരുൺ നയനാരിന്റെ വെടിക്കെട്ട് ബാറ്റിംഗും പവൻരാജിന്റെ വിക്കറ്റ് വേട്ടയുമാണ് കേരളത്തിന്റെ ജയത്തിന് വഴിയൊരുക്കിയത്.
ആദ്യ ഇന്നിംഗ്സിൽ 109 റൺസ് ലീഡ് നേടിയ കേരളം രണ്ടാം ഇന്നിംഗ്സ് 248/8ന് ഡിക്ലയർ ചെയ്ത് തമിഴ്നാടിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. എന്നാൽ, 358 റൺസിന്റെ വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ തമിഴ്നാടിന്റെ ബാറ്റിംഗ് നിരയ്ക്ക് പവൻ രാജിന്റെ കരുത്തുറ്റ ബൗളിംഗിന് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ 158 ന് ഓൾഔട്ടായി. ആദ്യ ഇന്നിംഗ്സിൽ ആറ് വിക്കറ്റ് വീഴ്ത്തിയ പവൻ രണ്ടാം ഇന്നിംഗ്സിൽ ഏഴ് വിക്കറ്റുകളാണ് വീഴ്ത്തിയത്. ആകെ 13 വിക്കറ്റുകളാണ് കളിയിൽ സ്വന്തമാക്കിയത്. തമിഴ്നാടിന്റെ ഓപ്പണർ ആർ.വിമൽ(37),സണ്ണി(31) എന്നിവർക്ക് മാത്റമാണ് അൽപമെങ്കിലും പിടിച്ചുനിൽക്കാനായത്. 90/3 എന്ന നിലയിൽ അവസാന ദിനം രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച കേരളത്തിനായി ഒരു സിക്സും 13 ഫോറുമുൾപ്പെടെയാണ് വരുൺ 112 റൺസെടുത്തത്. ആദ്യ ഇന്നിങ്സിലും വരുൺ (113) സെഞ്ച്വറി നേടിയിരുന്നു. രോഹൻ നായർ(58) അർദ്ധ സെഞ്ച്വറിയും നേടി.
1 സി.കെ നായിഡു ട്റോഫിയിൽ കേരളത്തിന്റെ ആദ്യജയം. നേരത്തെ 11 തവണ ഇരു ടീമും ഏറ്റുമുട്ടിയപ്പോൾ എട്ട് തവണയും വിജയം തമിഴ്നാടിന് ഒപ്പമായിരുന്നു. മൂന്ന് മത്സരങ്ങൾ സമനിലയിലും പിരിഞ്ഞു.