
ബുഡാപെസ്റ്റ്: നേഷൻസ് ലീഗിൽ കരുത്തരായ ബെൽജിയത്തെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി ഇസ്രയേൽ. ഹങ്കറിയിലെ ബുഡാപെസ്റ്റ് വേദിയായ ലീഗ് എ2ലെ മത്സരത്തിൽ 86-ാം മിനിട്ടിൽ യാർദേൻ ഷുവയാണ് ഇസ്രയേലിന്റെ വിജയഗോൾ നേടിയത്. ഷുവയുടെ അരങ്ങേറ്റ മത്സരമായിരുന്നു ഇത്. അതേ സമയം ഇരുടീമും ക്വാർട്ടർ കാണാതെ പുറത്തായി. ഇസ്രയേൽ അവസാന സ്ഥാനത്തും ബെൽജിയം ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തുമാണ്.ഇസ്രയേൽ ഗ്രൂപ്പ് ബിയിലേക്ക് തരംതാഴ്ത്തപ്പെട്ടപ്പോൾ ബെൽജിയത്തിന് പിടിച്ച് നിൽക്കാൻ പ്ലേഓഫ് കളിക്കണം.
ഫ്രാൻസ്, ഇറ്റലി ഇൻ
ലീഗ് എ2 ഗ്രൂപ്പിൽ നിന്ന് ഫ്രാൻസും ഇറ്റലിയുമാണ് ക്വാർട്ടറിൽ എത്തിയത്. അവസാന മത്സരത്തിൽ ഇറ്റലിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് കീഴടക്കി ഫ്രാൻസ് ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി. ഇരുടീമിനും 13 പോയിന്ഫറ് വീതമാണുള്ളത്. അഡ്രിയെൻ റാബിയോട്ട് ഇരട്ടഗോളുമായി തിളങ്ങിയ മത്സരത്തിൽ ഇറ്രലിയുടെ ഗുഗ്ലിയെൽമോ വികാരിയോയുടെ വകയായി സെൽഫ് ഗോളും ഫ്രാൻസിന്റെ അക്കൗണ്ടിൽ എത്തി. ആന്ദ്രേ കാമ്പിയാസോയാണ് ഇറ്റലിയുടെ സ്കോറർ.
ഫൈവ്സ്റ്റാർ ഇംഗ്ലണ്ട്, നോർവെ
ലീഗ് ബി ഗ്രൂപ്പ് 2ൽ അയർലൻഡിനെ 5-0ത്തിന് തകർത്ത ഇംഗ്ലണ്ട് അടുത്ത സീസണിൽ ഗ്രൂപ്പ് എയിൽ കളിക്കാൻ യോഗ്യത നേടി. രണ്ടാം പകുതിയിലായിരുന്നു ഇംഗ്ലണ്ടിന്റെ 5 ഗോളുകളും. ഹാരി കേൻ (പെനാൽറ്റി), ഗോർഡോൺ, ഗല്ലാഘർ,ബോവൻ, ഹാ
ർവുഡ് ബെല്ലിസ് എന്നിവരാണ് ഇംഗ്ലണ്ടിന്റെ സ്കോർമാർ. ലീഗ്ബി 3യിലെ മത്സരത്തിൽ ഏർലിംഗ് ഹാളണ്ടിന്റെ ഹാട്രിക്കിന്റെ പിൻബലത്തിൽ കസഖിസ്ഥാനെ 5-0ത്തിന് കീഴടക്കി നോർവെയും ഗ്രൂപ്പ് എയിലേക്കെത്തി. അലക്സാണ്ടർ സോർലോത്തും അന്റോണിയോ നുസയുമാണ് നോർവേയുടെ മറ്റ് സ്കോറർമാർ.