traffic

ഇരുചക്രവാഹനത്തില്‍ രണ്ട് പേര്‍ക്കാണ് യാത്ര ചെയ്യുവാന്‍ നിയമപരമായി അനുമതിയുള്ളത്. ഈ നിയമം പലരും ലംഘിക്കാറുണ്ട്, കയ്യോടെ പിടികൂടിയാലാകട്ടെ പൊലീസുകാര്‍ പിഴ ചുമത്താറുണ്ട്. തെറ്റ് ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് റസസ്‌പെന്‍ഡ് ചെയ്യുന്നതടക്കമുള്ള കര്‍ശന നടപടികളിലേക്കും ചിലപ്പോള്‍ മോട്ടോര്‍ വാഹന വകുപ്പ് കടന്നെന്നിരിക്കാം. ഇതൊക്കെ അറിഞ്ഞ് വെച്ചിട്ടാണ് പലരും നിയമം ലംഘിക്കുന്നത്. പൊതുവേ പുരുഷന്‍മാരും കൂടുതലായി യുവാക്കളുമാണ് ഈ നിയമം തെറ്റിച്ച് മൂന്ന് പേരുടെ യാത്ര ടൂവീലറുകളില്‍ നടത്തുന്നത്.

എന്നാല്‍ മൂന്ന് യുവതികള്‍ നിയം തെറ്റിച്ച് നടത്തിയ സാഹസികയാത്രയാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. ഹെല്‍മറ്റോ നമ്പര്‍പ്ലേറ്റോ ഇല്ലാത്ത പുതിയ ആക്ടീവ സ്‌കൂട്ടറിലാണ് യുവതികളുടെ യാത്ര. ചെന്നുപെട്ടതാകട്ടെ കര്‍ക്കശക്കാരാനായ ഐപിഎസ് ഉദ്യോഗസ്ഥന്റെ മുന്നിലും. കുറച്ച് കാലം മുമ്പ് നടന്ന സംഭവമാണെങ്കിലും സമൂഹമാദ്ധ്യമങ്ങളില്‍ ഇപ്പോഴും വീഡിയോ ട്രെന്‍ഡിംഗ് ആണ്. പൊലീസിന്റെ മുന്നില്‍പ്പെട്ട യുവതികള്‍ ഐപിഎസ് ഉദ്യോഗസ്ഥനോട് സംസാരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

നിയമം തെറ്റിച്ചാണ് വാഹനം ഓടിച്ചതെന്നും മൂന്നുപേരുടെ സവാരിയെന്നും അറിയില്ലായിരുന്നോയെന്നും ഐപിഎസ് ഉദ്യോഗസ്ഥന്‍ ചോദിക്കുന്നുണ്ട്. പൊലീസ് ഉദ്യോഗസ്ഥന്റെ ചോദ്യങ്ങള്‍ക്ക് നാണത്തോടെയും ചിരിയോടെയുമാണ് യുവതികള്‍ മറുപടി നല്‍കുന്നത്. എത്രയും വേഗം വാഹനത്തിന് നമ്പര്‍പ്ലേറ്റ് ഘടിപ്പിക്കണമെന്നും ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിക്കരുതെന്നും മൂന്ന് പേര്‍ ഒരുമിച്ചുള്ള യാത്ര അനുവദിക്കില്ലെന്നും പൊലീസുകാരന്‍ യുവതികളോട് പറയുന്നുണ്ട്.

നിയമം പാലിക്കാമെന്ന് പറഞ്ഞ ശേഷം വീണ്ടും യുവതികള്‍ മൂന്ന് പേര്‍ വാഹനത്തില്‍ കയറാന്‍ പോകുമ്പോള്‍ ഇത് ഉദ്യോഗസ്ഥന്‍ തടയുകയും മൂന്നാമത്തെ ആളോട് നടന്ന് പോകാന്‍ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം. ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്യുന്ന മറ്റ് യാത്രക്കാരേയും ഉദ്യോഗസ്ഥന്‍ ഉപദേശിക്കുന്നത് കാണാം.