pic

കൊളംബോ: ശ്രീലങ്കയിൽ പ്രസിഡന്റ് ദിസനായകെയുടെ ഇ‌ടതുപക്ഷ സർക്കാർ അധികാരമേറ്റു. ഇന്നലെ രാവിലെ കൊളംബോയിലെ പ്രസിഡൻഷ്യൽ പാലസിലായിരുന്നു മന്ത്രിമാരുടെ സത്യപ്രതിജ്ഞ. ഡോ. ഹരിണി അമരസൂര്യ പ്രധാനമന്ത്രിയായി തുടരും. വിദ്യാഭ്യാസ വകുപ്പും ഹരിണിക്കാണ്. വിജിത ഹെറാത്ത് (വിദേശകാര്യം) അടക്കം മറ്റ് 20 മന്ത്രിമാരും ചുമതലയേറ്റു. ധനകാര്യ, പ്രതിരോധ വകുപ്പുകൾ ദിസനായകെ കൈകാര്യം ചെയ്യും.

സെപ്‌തംബറിലാണ് ദിസനായകെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. എൻ.പി.പിക്ക് പാർലമെന്റിൽ ഹരിണി അടക്കം 3 അംഗങ്ങൾ മാത്രമാണുണ്ടായിരുന്നത്. തുടർന്ന് പാർലമെന്റ് പിരിച്ചുവിട്ട ദിസനായകെ, ഹരിണി ഉൾപ്പെടെ മൂന്ന് എം.പിമാർ മാത്രമുള്ള താത്കാലിക മന്ത്രിസഭ രൂപീകരിച്ചു. കഴിഞ്ഞ ആഴ്ച നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ 225 സീറ്റിൽ 159ഉം എൻ.പി.പി നേടി. വ്യാഴാഴ്ച സ്‌പീക്കറെ തിരഞ്ഞെടുക്കും.