
പാലക്കാട്: വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം പാലക്കാട് നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍മാര്‍ ഉപതിരഞ്ഞെടുപ്പില്‍ വിധിയെഴുതാന്‍ തയ്യാറെടുക്കുകയാണ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതല്‍ മൂന്ന് മുന്നണികളിലും വിവാദങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും പഞ്ഞമില്ലാത്ത തിരഞ്ഞെടുപ്പായിരുന്നു പാലക്കാട് മണ്ഡലത്തിലേത്. പ്രചാരണം മുന്നോട്ട് പോയ ഓരോ ദിവസവും വിവാദങ്ങള്‍ ഒന്നിന് പുറകേ മറ്റൊന്ന് എന്ന നിലയ്ക്ക് വന്നുകൊണ്ടേയിരുന്നു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസില്‍ വിമത സ്വരം ഉയര്‍ന്നു. ഷാഫി പറമ്പിലിന്റെ ബിനാമിയെ സ്ഥാനാര്‍ത്ഥിയാക്കിയെന്ന ആരോപണവും കൂടിയാലോചനകള്‍ നടന്നില്ലെന്ന കുറ്റപ്പെടുത്തലുമായി കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ തലവന്‍ പി. സരിന്‍ പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസിലെ കോക്കസിനെതിരെ കലാപക്കൊടി ഉയര്‍ത്തിയ സരിന് സിപിഎം രാഷ്ട്രീയ അഭയം നല്‍കുകയും ഇടത് മുന്നണിയുടെ സാരഥിയായി മണ്ഡലത്തില്‍ അവതരിപ്പിക്കുകയും ചെയ്തു.
ബിജെപിയിലും പ്രശ്‌നങ്ങള്‍ക്ക് കുറവില്ലായിരുന്നു. മണ്ഡലം പിടിച്ചെടുക്കാന്‍ ശോഭ സുരേന്ദ്രന്‍ എത്തണമെന്ന ഒരു വിഭാഗത്തിന്റെ ആവശ്യത്തിന് പരിഗണനകിട്ടാതിരുന്നപ്പോള്‍ സി കൃഷ്ണകുമാറിനെ താമര വിരിയിക്കാനുള്ള ദൗത്യം പാര്‍ട്ടി ഏല്‍പ്പിക്കുകയായിരുന്നു. കൃഷ്ണകുമാര്‍ തന്നെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നുവെന്നും സംസ്ഥാന നേതൃത്വം ഇതിന് കൂട്ടുനില്‍ക്കുന്നുവെന്നും ആരോപിച്ച് സന്ദീപ് വാര്യര്‍ പാര്‍ട്ടി വിടുകയും കോണ്‍ഗ്രസ് ക്യാമ്പില്‍ എത്തുകയും ചെയ്തു.
കെപിഎം റസിഡന്‍സിയിലെ നീല ട്രോളി ബാഗ്, പാതിരാ റെയ്ഡ്, എംപിയും ഡിസിസി അദ്ധ്യക്ഷനും ഉള്‍പ്പെടെ അഞ്ച് നേതാക്കള്‍ ഒപ്പിട്ട് കെ മുരളീധരനായി എഐസിസിക്ക് അയച്ച കത്തും മണ്ഡലത്തില്‍ ചര്‍ച്ചാ വിഷയമായിരുന്നു. മറ്റാരേയും വളരാന്‍ അനുവദിക്കാതെ ഷാഫി പറമ്പില്‍ മണ്ഡലത്തേയും ജില്ലയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയേയും ഹൈജാക്ക് ചെയ്യുന്നുവെന്ന് ആരോപിച്ച് എ.കെ ഷാനിബ് എന്ന യൂത്ത് കോണ്‍ഗ്രസ് നേതാവും ഒപ്പം ചില പ്രാദേശിക നേതാക്കളും പാര്‍ട്ടി വിട്ടിരുന്നു.
രാഷ്ട്രീയമായ ഇത്തരം കാര്യങ്ങളെ വെറും ഗിമ്മിക്കുകളായി മാത്രമേ പാലക്കാട് മണ്ഡലത്തിലെ ഒരു ശരാശരി വോട്ടര്‍ നോക്കികാണുന്നുള്ളൂ. മൂന്ന് മുന്നണിക്കകത്തും പ്രശ്‌നങ്ങളുണ്ട്. അതൊന്നുമല്ല പാലക്കാട്ടുകാരെ ബാധിക്കുന്ന വിഷയങ്ങള്‍. ജനങ്ങളുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്താല്‍ മാദ്ധ്യമങ്ങളില്‍ തിളങ്ങാന്‍ കഴിയില്ലെന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അറിയാം. അതുകൊണ്ടാണ് ചാനലുകളില്‍ അവര്‍ വിവാദങ്ങള്‍ സൃഷ്ടിച്ച് മുന്നോട്ട് പോകുന്നതെന്നാണ് വോട്ടര്‍മാരില്‍ നിരവധിപേര്‍ കേരളകൗമുദി ഓണ്‍ലൈനിനോട് പറഞ്ഞത്.
വികസനം ചര്‍ച്ച ചെയ്യാത്ത തിരഞ്ഞെടുപ്പ് പ്രചാരണം
'സീറ്റ് കിട്ടിയില്ലെങ്കില്‍ അത് ഉള്ളോടത്ത് പോണം, എന്റെ വേണ്ടപ്പെട്ടവര്‍ക്ക് സ്ഥാനം ഉറപ്പിക്കണം, ഇതൊക്കെയല്ലേ ഇവിടെ നടക്കുന്നത് അല്ലാതെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഇവര്‍ ആരെങ്കിലും പറഞ്ഞ് കേട്ടിരുന്നോ? മണ്ഡലത്തിലെ ഒരു മുതിര്‍ന്ന വോട്ടര്‍ രേഖപ്പെടുത്തിയ അഭിപ്രായമാണിത്.
പാലക്കാട് നഗരസഭയും മൂന്ന് പഞ്ചായത്തുകളും ചേര്‍ന്നതാണ് പാലക്കാട് നിയമസഭാ മണ്ഡലം. 13 വര്‍ഷം ഷാഫി പറമ്പില്‍ എംഎല്‍എ ആയിരുന്നു. പത്ത് വര്‍ഷമായി ബിജെപി ഭരിക്കുന്ന നഗരസഭ. തുടര്‍ ഭരണം കയ്യാളുന്ന സംസ്ഥാന സര്‍ക്കാര്‍. പാലക്കാടും മണ്ണാര്‍ക്കാടും മാറ്റിനിര്‍ത്തിയാല്‍ ബാക്കി പത്തിലും ഇടത് എംഎല്‍എമാരുള്ള ജില്ല. പാലക്കാട് ജില്ല ഇടത് ആഭിമുഖ്യമുള്ള ജില്ലയെന്നാണ് അറിയപ്പെടുന്നത്. അത്തരമൊരു ജില്ലയുടെ ആസ്ഥാനം ഉള്‍പ്പെടുന്ന മണ്ഡലമാകട്ടെ വികസനകാര്യങ്ങളില്‍ മറ്റ് പല മണ്ഡലങ്ങളേയും അപേക്ഷിച്ച് ബഹുദൂരം പിന്നിലാണ്.
പാലക്കാട് മണ്ഡലത്തിലേക്ക് വന്നാല്‍ നഗര - ഗ്രാമ മേഖലകളിലെ ജനങ്ങളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും വ്യത്യസ്തമാണ്. വിവാദങ്ങള്‍ രാഷ്ട്രീയമായി മാത്രം നിലനില്‍ക്കുന്നതാണെന്ന അഭിപ്രായമാണ് വോട്ടര്‍മാര്‍ പങ്കുവയ്ക്കുന്നത്. ഗ്രാമീണ മേഖലയിലേക്ക് വന്നാല്‍ കുടിവെള്ള പ്രശ്നവും കാര്‍ഷിക മേഖല നേരിടുന്ന പ്രശ്നങ്ങളുമാണ് വോട്ടര്‍മാര്‍ ഉന്നയിക്കുന്നത്. മെച്ചപ്പെട്ട റോഡ് സംവിധാനം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
നഗര മേഖലയിലേക്ക് വന്നാല്‍ പാലക്കാട് ടൗണ്‍ ഹാള്‍, റോഡുകളുടെ വീതികുറവ്, സ്‌കൂളുകളുടെ ഡിജിറ്റലൈസേഷന്‍, പാലക്കാട് സ്റ്റേഡിയത്തിന്റെ വികസനം, ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരം, യുവാക്കള്‍ക്ക് തൊഴില്‍ കിട്ടുന്ന സംവിധാനങ്ങളുടെ കാര്യത്തില്‍ മണ്ഡലത്തിലെ അപര്യാപ്തത തുടങ്ങിയവയാണ് വോട്ടര്‍മാര്‍ക്കിടയിലെ ചര്‍ച്ചാ വിഷയം. മാലിന്യപ്രശ്‌നവും നഗരത്തിലെ വെള്ളക്കെട്ടും വോട്ടര്‍മാര്‍ ഉന്നയിക്കുന്ന വിഷയങ്ങളാണ്.
മെച്ചപ്പെട്ട ചികിത്സാ സംവിധാനങ്ങളുടെ അപര്യാപ്തതയാണ് മണ്ഡലത്തിലെ മറ്റൊരു പ്രധാനപ്പെട്ട പ്രതിസന്ധി. പാലക്കാട് മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്കോ രോഗികള്‍ക്കോ ആവശ്യമായ അടിസ്ഥാന സംവിധാനങ്ങള്‍ പോലുമില്ല. വലിയ കെട്ടിട സമുച്ഛയവും കാട് പിടിച്ച അവസ്ഥയിലുള്ള കോമ്പൗണ്ടുമാണ് പാലക്കാട് മെഡിക്കല്‍കോളേജിന്റെ മുഖമുദ്ര. ജില്ലാ ആശുപത്രിയിലും പോരായ്മകളുടെ നീണ്ടനിരയുണ്ട്. സ്വകാര്യ മേഖലയിലും മെച്ചപ്പെട്ട ചികിത്സാ സംവിധാനങ്ങളുടെ കുറവ് മണ്ഡലത്തിലുണ്ട്. പലപ്പോഴും വിദഗ്ദ്ധ ചികിത്സയ്ക്കായി അയല്‍ജില്ലകളായ തൃശ്ശൂരിനേയും മലപ്പുരം, കോഴിക്കോട് തുടങ്ങിയവയേയും ആശ്രയിക്കേണ്ട സ്ഥിതിയുണ്ട് പാലക്കാട്ടുകാര്‍ക്ക്.