d

ഹൈദരാബാദ്: ഈ വർഷത്തെ ആദ്യ ജയം നേടി റാങ്കിംഗിൽ തങ്ങളെക്കാൾ പിന്നിലുള്ള മലേഷ്യക്കെതിരെ സൗഹൃദ പോരാട്ടത്തിനിറങ്ങിയ ഇന്ത്യൻ ഫുട്ബാൾ ടീമിന് സമനില മാത്രം. ഹൈദരാബാദിലെ ഗച്ചി ബൗളി ജി.എം.സി ബാലയോഗി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഗോൾകീപ്പ‌ർ ഗുർപ്രീത് സന്ധുവിന്റെ പിഴവിൽ ഒരുഗോളിന്റെ ലീഡ് വഴങ്ങിയ ശേഷമാണ് രാഹുൽ ഭേക്കയുടെ ഗോളിൽ ഇന്ത്യ സമനില പിടിച്ചത്. പൗലോ ജോസുവാണ് മലേഷ്യയുടെ ഗോൾ സ്കോറർ. രണ്ട് ഗോളുകളും ആദ്യ പകുതിയിലാണ് വീണത്. ഇന്ത്യയുട പുതിയ പരിശീലകൻ മാർക്വേസ് മിനോളയുടെ ജയത്തിനായുള്ള കാത്തിരിപ്പ് ഇനിയും നീളും.

ഫിഫ റാങ്കിംഗിൽ 125-ാം സ്ഥാനത്തുള്ള ഇന്ത്യയും 133-ാം സ്ഥാനത്തുള്ള മലേഷ്യയും തമ്മിലുള്ള പോരാട്ടം തുല്യശക്തികളുടേതായിരുന്നു. ലക്ഷ്യത്തിലേക്കുള്ള ഷോട്ടുകളിൽ മലേഷ്യയായിരുന്നു മുന്നിൽ. അവസാന നിമിഷങ്ങളിൽ മലേഷ്യയുടെ ഒരു ഗോൾ ശ്രമം പോസ്റ്റിൽ തട്ടിതെറിച്ചിരുന്നു. തൊട്ടുപിന്നാലെ വന്ന ബുള്ളറ്റ് ഷോട്ട് ഗുർപ്രീത് തട്ടിയകറ്റി.

സുനിൽ ഛെത്രിയെപ്പോലൊരു ഫിനിഷറുടെ അഭാവം ഇന്ത്യൻ നിരയിൽ പ്രകടമായിരുന്നു. മലയാളി താരം ജിതൻ എം.സി രണ്ടാം പകുതിയിൽ പകരക്കാരായി ഇന്ത്യയ്തക്കായി കളത്തിലിറങ്ങി. പ്രതിരോധത്തിലെ മിന്നും താരം സന്ദേശ് ജിങ്കൻ പരക്കിന്റെ പിടിയിൽ നിന്ന് മോചിതനായി ഇടവേളയ്ക്ക് ശേഷം ദേശീയ ടീമിൽ തിരിച്ചെത്തി.

ശ്ലൊ! സന്ധു

19-ാം മിനിട്ടിൽ ഗോൾ കീപ്പർ‌ ഗുർപ്രീത് സന്ധു വരുത്തിയ ഗുരുതരപിഴവിൽ ഇന്ത്യ ലീഡ് വഴങ്ങി. ഹാഫ് ലൈന് പിന്നിൽ നിന്ന് ഉയർന്നു വന്ന നിരുപദ്രവമെന്ന് തോന്നിച്ച ബാൾ ബോക്സിൽ നിന്ന് ഏറെ മുന്നോട്ടിറങ്ങി ക്ലിയ‌ർ ചെയ്യാനുള്ള സന്ധുവിന്റെ ശ്രമം പരാജയപ്പെട്ടു. സന്ധുവിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് പന്ത് ഇന്ത്യൻ ബോക്സിലേക്ക്. ഓടിയെത്തിയ ജോസു ആരുമില്ലാത്ത ഇന്ത്യൻ പോസ്റ്റിലേക്ക് പന്ത് തട്ടിയിട്ടു.

ഭേഷ് ഭേക്കെ

39-ാം മിനിട്ടിൽ കോർണറിൽ നിന്ന് ക്ലോസ്റേഞ്ച് ഹെഡ്ഡറിലൂടെ രാഹുൽ ഭേക്കേ ഇന്ത്യയ്ക്ക് സമിനില സമ്മാനിച്ചു. ബ്രാണ്ടൻ ഫെർണാണ്ടസ് എടുത്ത കോർണർ മലേഷ്യൻ ഗോൾ പോസ്റ്റിന് അരികിലേക്ക് ഓടിയെത്തി തലകൊണ്ട് ഭേക്കേ വലയ്ക്കകത്താക്കുകയായിരുന്നു.

11- ഈ വർഷം 11 മത്സരങ്ങളിൽ ഇന്ത്യ കളിച്ചു. ആറിലും ഇന്ത്യ തോറ്റു. അഞ്ചെണ്ണം സമനിലയായി.