crime

മുംബയ്: ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരനും നിരവധി കേസുകളില്‍ പ്രതിയുമായ അന്‍മോള്‍ ബിഷ്‌ണോയി യു.എസിലെ കാലിഫോര്‍ണിയയില്‍ പിടിയിലായെന്ന് റിപ്പോര്‍ട്ട്. ഇയാളെ ഇന്ത്യയ്ക്ക് വിട്ടുനല്‍കിയേക്കും. അന്‍മോളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എന്‍.ഐ.എ 10 ലക്ഷം രൂപ ഇനാം വാഗ്ദാനം ചെയ്തിരുന്നു.

ബാബാ സിദ്ദിഖി വധത്തിനായി അന്‍മോള്‍ ബിഷ്ണോയ് ഗൂഢാലോചന നടത്തിയെന്നാണ് എന്‍.ഐ.എയുടെ കണ്ടെത്തല്‍. പഞ്ചാബി ഗായകന്‍ സിദ്ധു മൂസെവാലയുടെ കൊലപാതകം, ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ വീടിനു നേരെയുള്ള വെടിവയ്പ് എന്നിവയിലെല്ലാം അന്‍മോളിനെ പ്രതി ചേര്‍ത്തിട്ടുണ്ട്. ലോറന്‍സ് ബിഷ്‌ണോയിയുടെ അറസ്റ്റിനു പിന്നാലെ ഗുണ്ടാസംഘത്തെ നിയന്ത്രിച്ചിരുന്ന അന്‍മോള്‍, കഴിഞ്ഞ വര്‍ഷമാണ് കാനഡയിലേക്ക് കടന്നത്. ലോറന്‍സ് ഗുജറാത്തിലെ സബര്‍മതി ജയിലിലാണ്.

2022ല്‍ പഞ്ചാബി ഗായകന്‍ സിദ്ധു മൂസെവാലയുടെ കൊലപാതകമുള്‍പ്പെടെ നിരവധി കേസുകളില്‍ അധികൃതര്‍ അന്വേഷിക്കുന്ന വ്യക്തിയാണ് അന്‍മോല്‍. കൂടാതെ, ബാബ സിദ്ദിഖി വധം, നടന്‍ സല്‍മാന്‍ ഖാന്റെ വസതിക്ക് പുറത്തുണ്ടായ വെടിവെപ്പിലും ഇദ്ദേഹത്തെ അന്വേഷണഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നുണ്ട്. ഈ മാസം ആദ്യംതന്നെ ഇയാളെ യു.എസില്‍ നിന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമം മുംബയ് ക്രൈംബ്രാഞ്ച് ആരംഭിച്ചിരുന്നു. മഹാരാഷ്ട്രയിലെ പ്രത്യേക കോടതി ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

എന്‍.ഐ.എ.യുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട വ്യക്തിയാണ് അന്‍മോല്‍. ദേശീയ അന്വേഷണ ഏജന്‍സി രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളില്‍ ഇയാള്‍ പ്രതിയാണ്. അന്‍മോല്‍ ബിഷ്‌ണോയിക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇയാളെ പറ്റി സൂചന നല്‍കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ പാരിതോഷികവും എന്‍.ഐ.എ പ്രഖ്യാപിച്ചിരുന്നു.