loan

കൊച്ചി: വായ്പകളുടെ ഉയര്‍ന്ന പലിശ രാജ്യത്തെ വലിയ വിഭാഗം ജനങ്ങള്‍ക്ക് ഏറെ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നുവെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. താങ്ങാവുന്ന പലിശ നിരക്കില്‍ വായ്പകള്‍ ലഭ്യമാക്കുന്നതിന് ബാങ്കുകള്‍ നടപടിയെടുക്കണമെന്നും സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ സംഘടിപ്പിച്ച വാര്‍ഷിക ധനകാര്യ ഉച്ചകോടിയില്‍ സംസാരിക്കവേ ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

രാജ്യം സാമ്പത്തിക തളര്‍ച്ചയിലേക്ക് നീങ്ങുമ്പോള്‍ ആഭ്യന്തര, ആഗോള മേഖലയിലെ വെല്ലുവിളികളെ കുറിച്ച് കേന്ദ്ര സര്‍ക്കാരിന് വ്യക്തമായ ധാരണയുണ്ടെന്നും അവര്‍ പറഞ്ഞു. വ്യവസായ മേഖല ഉത്പാദന ശേഷി ഉയര്‍ത്തുന്നതിന് തയ്യാറെടുക്കുമ്പോള്‍ പലിശ നിരക്കുകള്‍ താങ്ങാവുന്ന പരിധിയില്‍ നിലനിറുത്തേണ്ടതുണ്ടെന്നും നിര്‍മ്മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.

ബാങ്കുകളുടെ പ്രധാന ബിസിനസ് വായ്പാ വിതരണമാണ്. എന്നാല്‍ ഇതിനൊപ്പം അനാവശ്യമായി ഇന്‍ഷ്വറന്‍സ് പദ്ധതികളുടെ വില്പനയും ഉള്‍പ്പെടുത്തുന്നതിനാല്‍ വായ്പയെടുക്കുന്നവരുടെ ഭാരം കൂടുകയാണെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

റിസര്‍വ് ബാങ്കിന്റെ അടുത്ത ധന അവലോകന നയം ഡിസംബര്‍ നാല് മുതല്‍ ആറ് വരെ നടക്കാനിരിക്കെ ധനമന്ത്രിയുടെ നിലപാടിന് പ്രസക്തിയേറുകയാണ്. ഒക്ടോബറില്‍ നാണയപ്പെരുപ്പം 14 മാസത്തെ ഉയര്‍ന്ന തലമായ 6.21 ശതമാനത്തിലെത്തിയതിനാല്‍ ഇത്തവണയും മുഖ്യ പലിശ നിരക്കില്‍ റിസര്‍വ് ബാങ്ക് മാറ്റം വരുത്തില്ലെന്നാണ് വിലയിരുത്തുന്നത്.