attack

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ലഹരി വസ്തുക്കളുമായെത്തിയവരെ പിന്തുടർന്ന് പിടികൂടി വിട്ടയച്ച എക്‌സൈസ് സംഘത്തിന് നേരെ നാട്ടുകാരുടെ ആക്രമണം. ഇന്നലെ രാത്രി ഊരൂട്ടുകാല ക്ഷേത്രത്തിന് സമീപത്തായിരുന്നു സംഭവം. സിവിൽ വേഷത്തിലെത്തിയ അമരവിള എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രശാന്ത് (39),ലാൽകൃഷണ (36),പ്രസന്നൻ (36) എന്നിവർക്കാണ് മർദ്ദനമേറ്റത്.
തലയിലും ചെവിയിലുമാണ് ഇവർക്ക് ഗുരുതരമായി പരിക്കേറ്റത്. ബൈക്കിലെത്തിയ സംഘത്തെ പിടികൂടിയ ശേഷം പിഴയീടാക്കി വിട്ടയച്ചത് ചോദ്യം ചെയ്ത നാട്ടുകാരും ഉദ്യോഗസ്ഥരും വാക്കേറ്റത്തിലായി. ഇതിനിടെ എക്സൈസ് ഉദ്യോഗസ്ഥരെ നാട്ടുകാർ ആക്രമിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ നെയ്യാറ്റിൻകര സ്റ്റേഷനിലെ പൊലീസുകാർ പരിക്കേറ്റവരെ നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


പ്രദേശത്ത് ലഹരിവസ്തുക്കളുടെ വില്പനയുണ്ടെന്നും പരാതി നൽകിയിട്ടും നടപടിയെടുക്കുന്നില്ലെന്നുമാണ് നാട്ടുകാർ പറയുന്നത്. പ്രതികൾക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.