
ന്യൂഡൽഹി: ഐഎസ്‌ആർഒയുടെ അത്യാധുനിക വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 20 (ജിസാറ്റ് എൻ2) വിജയകരമായി വിക്ഷേപിച്ചു. ഇന്നലെ അർദ്ധരാത്രി 12.01ന് യുഎസിലുള്ള ഫ്ളോറിഡയിലെ കേപ്പ് കനാവറിൽ നിന്നാണ് വിക്ഷേപണം നടത്തിയത്. ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്സിന്റെ ഉടമസ്ഥതയിലുള്ള ഫാൽക്കൺ 9 റോക്കറ്റിലേറിയാണ് ജിസാറ്റ് 20 പറന്നുയർന്നത്. 34 മിനിട്ടുകൾ നീണ്ട യാത്രയ്ക്കുശേഷം ഉപഗ്രഹം വേർപ്പെട്ട് ഭ്രമണപഥത്തിൽ എത്തിച്ചേർന്നിട്ടുണ്ട്.
ഇന്ത്യയുടെ ഉൾപ്രദേശങ്ങളിലും സമുദ്ര, ആകാശ പരിധികളിലും ഉൾപ്പെടെ അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുന്ന ഉപഗ്രഹമാണ് ജിസാറ്റ് 20. ആൻഡമാൻ നിക്കോബാർ ദ്വീപ്, ലക്ഷദ്വീപ് എന്നിവിടങ്ങളിലും അതിവേഗ കണക്‌ടിവിറ്റി എത്തും. വിമാനങ്ങൾക്കുള്ളിലും ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നതിന് ഈ ഉപഗ്രഹം സഹായിക്കും.
ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡാണ് ജിസാറ്റ് 20 ഉപഗ്രഹം നിർമിച്ചത്. ഭൂനിരപ്പിൽ നിന്ന് 36000 x 170 കിലോമീറ്റർ ഭൂസ്ഥിര കൈമാറ്റ ഭ്രമണപഥത്തിലാണ് (ജിജിഒ) ജിസാറ്റ് എത്തിച്ചേർന്നിരിക്കുന്നത്. 4700 കിലോഗ്രാം ഭാരമാണ് ഉപഗ്രഹത്തിനുള്ളത്. ഐഎസ്‌ആർഒയുടെ ഏറ്റവും ശക്തിയേറിയ വിക്ഷേപണ വാഹനമായ എൽവിഎം3ന്റെ പരമാവധി വാഹകശേഷിയെക്കാൾ കൂടുതലാണ് ഈ ഭാരം. ഇത്രയും ഭാരമുള്ള ഉപഗ്രഹം വിക്ഷേപണം നടത്താൻ ഇന്ത്യൻ റോക്കറ്റുകൾക്ക് കഴിയാത്തതിനാലാണ് സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ റോക്കറ്റിന്റെ സഹായം ഐഎസ്‌ആർഒ തേടിയത്. മുൻപ് ഇത്തരം റോക്കറ്റുകൾ വിക്ഷേപിക്കുന്നതിന് ഇന്ത്യ യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ ഏരിയൻ റോക്കറ്റുകളെയായിരുന്നു ആശ്രയിച്ചിരുന്നത്.