
ബംഗളൂരു: മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു. കർണാടകയിൽ പൊലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് മരണം. ചിക്കമംഗളൂരു- ഉഡുപ്പി അതിർത്തിയിലുള്ള സീതംബിലു വനമേഖലയിൽ ഇന്നലെയാണ് കനത്ത ഏറ്റുമുട്ടലുണ്ടായത്.
ദക്ഷിണേന്ത്യയിലെ പ്രധാന മാവോയിസ്റ്റ് നേതാവാണ് മാവോയിസ്റ്റ് മിലിറ്ററി ഓപ്പറേഷൻസ് മേധാവി കൂടിയായ ഗൗഡ. ശൃംഗേരി, നരസിംഹരാജപുര, കാർക്കള, ഉഡുപ്പി തുടങ്ങിയ മേഖലകളിൽ ഗൗഡയുടെ സാന്നിദ്ധ്യം അടുത്ത ദിവസങ്ങളിലായുണ്ടായിരുന്നു. ഈ പ്രദേശങ്ങളിൽ മാവോയിസ്റ്റ് പ്രവർത്തനങ്ങൾ വർദ്ധിക്കുന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 2016ലെ നിലമ്പൂർ ഏറ്റുമുട്ടലിൽ നിന്ന് രക്ഷപ്പെട്ട മാവോയിസ്റ്റ് കമാൻഡറാണ് വിക്രം ഗൗഡ.
കർണാടക പൊലീസും ആന്റി നക്‌സൽ ഫോഴ്‌സും ഹിബ്രി വനമേഖലയിൽ തെരച്ചിൽ നടത്തുന്നതിനിടെ അഞ്ച് മാവോയിസ്റ്റുകളെ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടന്ന ഏറ്റുമുട്ടലിലാണ് വിക്രം ഗൗഡ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനിടെ മൂന്ന് മാവോയിസ്റ്റ് നേതാക്കൾ രക്ഷപ്പെട്ടെന്ന് വിവരമുണ്ട്. മുണ്ട് ഗാരു ലത, ജയണ്ണ, വനജാക്ഷി എന്നിവരാണ് രക്ഷപ്പെട്ടത്. ഇവർ രണ്ട് മാസം മുൻപാണ് കേരളത്തിൽ നിന്ന് ഉഡുപ്പിയിലെത്തിയതെന്ന് പൊലീസ് പറയുന്നു. ഇവർക്കായി തെരച്ചിൽ ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു.