fellowship

ന്യൂഡൽഹി: വിദ്യാഭ്യാസ മേഖലയിൽ ദീർഘകാല പങ്കാളിത്തം പുലർത്തുന്ന രാജ്യങ്ങളാണ് യുണൈറ്റഡ് സ്റ്റേറ്റ്സും ഇന്ത്യയും. ബാല്യകാല വിദ്യാഭ്യാസത്തിൽ തുടങ്ങി ബിരുദ, ബിരുദാനന്തര തലങ്ങളിൽ ഇരുവശത്തേക്കുള്ള വിദ്യാർത്ഥി ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതുൾപ്പെടെ വിശാലമായ നിരവധി പ്രവർത്തനങ്ങളിൽ ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരുന്നു.

ഈ തുടർപങ്കാളിത്തം ജോൺ ഹോപ്‌കിൻസ് സർവകലാശാലയുടെ ഗുപ്താ-ക്ലിൻസ്കി ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട്, യു.എസ്.-ഇന്ത്യ അലയൻസ് ഫോർ വിമൻസ് ഇക്കണോമിക് എംപവർമെന്റ് എന്നിവ ചേർന്ന് ഇപ്പോൾ പുതിയതായി തുടങ്ങിയ “വിമൻ ഇൻ STEMM ഫെലോഷിപ്പ്” (ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതശാസ്ത്രം, മെഡിസിൻ) സംരംഭത്തോടെ വിപുലീകരിക്കപ്പെടുന്നു. ഇന്ത്യയിൽ തുടക്കക്കാരായ വനിതാ ശാസ്ത്രജ്ഞരെയും ഗവേഷകരെയും പിന്തുണയ്ക്കാനും STEMM മേഖലളിൽ നേതാക്കളായി മാറാൻ അവർക്ക് പ്രചോദനം നൽകാനും ലക്ഷ്യമിട്ടുള്ളതാണ് ഈ ഫെലോഷിപ്പ്.

വിദ്യാഭ്യാസത്തിലുള്ള ഈ പങ്കാളിത്തത്തിന്റെ നിക്ഷേപം ശ്രദ്ധേയമായ ഫലങ്ങളാണ് നൽകുന്നത്. 2009ന് ശേഷം ആദ്യമായി മറ്റേത് രാജ്യത്തെക്കാളും കൂടുതൽ വിദ്യാർത്ഥികളെ യുണെറ്റഡ് സ്റ്റേറ്റ്സിലേക്ക് അയച്ച രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു എന്ന് ഏറ്റവും പുതിയ ഓപ്പൺ ഡോഴ്സ് റിപ്പോർട്ട് എടുത്തുകാട്ടി ഇന്ത്യയിലെ യു.എസ്. അംബാസഡർ എറിക് ഗാർസെറ്റി കഴിഞ്ഞദിവസം പ്രഖ്യാപിച്ചു. 3,30,000-ന് മേൽ ഇന്ത്യക്കാരാണ് 2023-2024 അദ്ധ്യയന വർഷത്തിൽ യുണെറ്റഡ് സ്റ്റേറ്റ്സിൽ ഉന്നതവിദ്യാഭ്യാസത്തിനായി എത്തിയത്. മുൻ വർഷത്തേക്കാൾ 23 ശതമാനം വർദ്ധനവാണുണ്ടായത്.

വിവിധതലങ്ങളിൽ ശ്രദ്ധേയമായ വളർച്ച എടുത്തു കാട്ടുന്നു പുതിയ ഓപ്പൺ ഡോഴ്സ് റിപ്പോർട്ട്:

ഉന്നത അക്കാദമിക, തൊഴിൽ അവസരങ്ങളിലുള്ള ശക്തമായ താത്പര്യം വഴി വന്ന ചേർന്ന ഈ വർദ്ധനവുകൾ യു.എസ്. ഉന്നതവിദ്യാഭ്യാസ മേഖലയിൽ കഴിഞ്ഞ രണ്ടുവർഷത്തിൽ ഇന്ത്യ നടത്തിയ മുന്നേറ്റത്തെ അടിവരയിട്ട് കാണിക്കുന്നു.

വിദേശപഠനത്തിന് ഇന്ത്യ തിരഞ്ഞെടുക്കുന്ന അമേരിക്കൻ വിദ്യാർത്ഥികളുടെ എണ്ണത്തിലുള്ള 300 ശതമാനം വർദ്ധനവും ഈ വർഷത്തെ ഓപ്പൺ ഡോഴ്സ് റിപ്പോർട്ട് രേഖപ്പെടുത്തുന്നുണ്ട്. ഇന്ത്യയിൽ പഠിക്കുന്ന അമേരിക്കക്കാരുടെ എണ്ണം വെറും ഒരു വർഷം കൊണ്ട് 300ൽ നിന്ന് 1300ലേക്ക് ഉയർന്നു.

ഓപ്പൺ ഡോഴ്സ് റിപ്പോർട്ട് പ്രകാശനം അന്തർദേശീയ വിദ്യാഭ്യാസത്തിന്റെയും ലോകമെമ്പാടുമുള്ള വിദ്യാർത്ഥി എക്സ്ചേഞ്ച് പ്രോഗ്രാമുകളുടെയും നേട്ടങ്ങൾ ആഘോഷിക്കുന്ന അന്തർദേശീയ വിദ്യാഭ്യാസ വാരാചരണത്തിന് തുടക്കമിടുന്നു. STEMM ഫെലോഷിപ്പ് പരിപാടിയിൽ പങ്കെടുത്ത് അംബാസഡർ ഗാർസെറ്റി പറഞ്ഞു, “ഇന്ന് നാം ഒന്നുചേർന്നിരിക്കുന്നത് യു.എസ്.-ഇന്ത്യ അലയൻസ് ഫോർ വിമൻസ് ഇക്കണോമിക് എംപവർമെൻറ് സംരംഭമായ, ജോൺ ഹോപ്‌കിൻസ് സർവകലാശാലയിലെ ഗുപ്താ-ക്ലിൻസ്കി ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് നയിക്കുന്ന ‘വിമൻ ഇൻ STEM ഡെവലപ്മെൻറ് ആൻഡ് മെഡിസിൻ ഫെലോഷിപ്പ്’ – അല്ലെങ്കിൽ ‘വിമൻ ഇൻ STEMM ഫെലോഷിപ്പ്’ – ഔദ്യോഗികമായി തുടങ്ങാനാണ്.

ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതശാസ്ത്രം, മെഡിസിൻ (STEMM) എന്നിവയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ വിദ്യാഭ്യാസത്തിന്റെ, സഹകരണത്തിന്റെ, ലിംഗസമത്വത്തിന്റെ ആഗോള പ്രാധാന്യത്തെ ഓർമ്മിപ്പിക്കുന്നതാണ് ഈ പരിപാടി. അന്തർദേശീയ വിദ്യാഭ്യാസ വാരാചരണത്തോട് ചേർന്ന് ‘വിമൻ ഇൻ STEMM ഫെലോഷിപ്പ്’ തുടങ്ങുന്നത് ഈ നിമിഷത്തെ കൂടുതൽ അർത്ഥവത്തും സവിശേഷവുമാക്കുന്നു. വിദ്യാഭ്യാസം അതിർത്തികളാൽ പരിമിതപ്പെട്ടതല്ലെന്നും നമ്മുടെ രാജ്യങ്ങളും സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണമാണ് ആഗോള വെല്ലുവിളികൾ പരിഹരിക്കുന്നതിൽ നിർണ്ണായകം എന്നുള്ള പൊതുവിശ്വാസത്തിൻറെ ആഘോഷമാണ് ഇന്ന് നാം അടയാളപ്പെടുത്തുന്നത്.”

ജോൺ ഹോപ്‌കിൻസ് സർവകലാശാല പ്രസിഡന്റ് റൊണാൾഡ്‌ ജെ. ഡാനിയൽസ് കൂട്ടിച്ചേർത്തു: “STEMM മേഖലയിലുള്ള സ്ത്രീശാക്തീകരണം ആഗോള നവീകരണത്തിന് അത്യന്താപേക്ഷിതമാണ് എന്ന് ജോൺ ഹോപ്‌കിൻസ് സർവകലാശാലയിൽ ഞങ്ങൾ വിശ്വസിക്കുന്നു. യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്മെന്റുമായി ചേർന്ന് തുടങ്ങുന്ന ‘വിമൻ ഇൻ STEMM ഫെലോഷിപ്പ്’ ഇന്ത്യൻ വനിതാ ശാസ്ത്രജ്ഞർക്ക് നിർണ്ണായകമായ ഗവേഷണ കഴിവുകൾ നേടാനും ഉപദേഷ്ടാക്കളിൽ നിന്ന് വിവരങ്ങൾ തേടാനും ആഗോള ശ്രുംഖലകളുമായി ബന്ധിപ്പിക്കാനും സഹായിക്കാനായി രൂപപ്പെടുത്തിയതാണ്.

വനിതാ ശാസ്ത്രജ്ഞർക്ക് അവരുടെ ഗവേഷണ ജോലികൾ ആരംഭിക്കാനും നിലനിർത്തിക്കൊണ്ട് പോകാനുമുള്ള പിന്തുണയും പരിശീലനവും വിഭവങ്ങളും നൽകിക്കൊണ്ട് ഈ മേഖലകളിലുള്ള സ്ത്രീകളുടെ പുരോഗതി സാധാരണയായി പരിമിതപ്പെടുത്തുന്ന തടസ്സങ്ങളെ ഈ ഫെലോഷിപ്പ് നേരിടുന്നു. ഇന്ത്യയിലെ ഗവേഷണ, നവീകരണ ആവാസവ്യവസ്ഥ നയിച്ച് കൂടുതൽ സ്വാധീനം ചെലുത്തുന്ന ഭാവി കെട്ടിപ്പടുക്കുന്ന കഴിവുറ്റ സ്ത്രീകളെ പിന്തുണക്കാൻ കഴിയുന്നതിൽ ഞങ്ങൾ സന്തോഷമുണ്ട്.”

ജോലിയിടങ്ങളിലും സാമ്പത്തിക വ്യവസ്ഥയിലും സ്ത്രീകളുടെ ഔപചാരികമായ ഉൾപ്പെടുത്തലിന് വേണ്ടി പ്രവർത്തിക്കുന്ന യു.എസ്. മിഷൻ ഇന്ത്യ പ്രൈമറിസ്ക്കൂൾ മുതൽ തൊഴിൽ വരെ നീളുന്ന യു.എസ്.-ഇന്ത്യ വിദ്യാഭ്യാസ സഹകരണത്തിനുള്ള പിന്തുണ ആഘോഷിക്കുന്നു.

മുംബൈയിലെ യു.എസ്. കോൺസുലേറ്റ് ജനറൽ കാര്യാലയവും യൂണിവേഴ്‌സിറ്റി ഓഫ് ഡെൻവറും യു.എസ്.-ഇന്ത്യ ഉന്നത വിദ്യാഭ്യാസ സഹകരണവും പങ്കാളിത്തവും ലളിതമായി വിവരിക്കുന്ന ഒരു ഡിജിറ്റൽ ഗൈഡ് വരുംനാളുകളിൽ പ്രകാശിപ്പിക്കും. ഈ ഗൈഡ് ഇന്ത്യൻ കോളേജുകൾക്കും സർവകലാശാലകൾക്കും യു.എസ്. വിദ്യാഭ്യാസ സംവിധാനം; യു.എസ്. കോളേജുകളും സർവകലാശാലകളുമായുള്ള പങ്കാളിത്തത്തിലൂടെ ക്യാമ്പസുകൾ ആഗോളവത്ക്കരിക്കാനുള്ള വിവരങ്ങൾ; വിജയകരമായ സഹകരണത്തിനുതകുന്ന മികച്ച മാർഗ്ഗരീതികൾ; ക്യാമ്പസ് പ്രവേശനത്തിൽ വൈവിധ്യത്തിനും സമത്വത്തിനുമുള്ള പ്രാധാന്യം; വിദ്യാർത്ഥി-അദ്ധ്യാപക എക്സ്ചേഞ്ച്, പാഠ്യപദ്ധതി വികസനം, ഗവേഷണ-വിവര പങ്കിടൽ പോലെ വിവിധ പങ്കാളിത്തങ്ങൾ പടുത്തുയർത്താനുള്ള മാർഗ്ഗങ്ങൾ; എന്നീ മേഖലകളിലുള്ള വിവരങ്ങൾ പകർന്ന് നൽകും.

യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്മെൻറ് (യു.എസ്. എയ്ഡ്) അന്തർദേശീയ വിദ്യാഭ്യാസ വാരം ആഘോഷിക്കുന്നത് രാജസ്ഥാനിലെ ബാര, തെലങ്കാനയിലെ ഭൂപാലപള്ളി ജില്ലകളിൽ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും അടിസ്ഥാന അറിവും ശുചിത്വശീലങ്ങളും മെച്ചപ്പെടുത്താൻ സെസമി വർക്ക്‌ഷോപ് ഇന്ത്യ ട്രസ്റ്റുമായി ചേർന്ന് “ലേൺ പ്ലേ ഗ്രോ” എന്ന പേരിലുള്ള സംരംഭം തുടങ്ങിക്കൊണ്ടാണ്.

അങ്കണവാടികളിലുള്ള 20000 മുതൽ 25000 കുട്ടികൾ നേരിട്ട് ഈ ഉദ്യമത്തിൽ പങ്കാളികളാകും; സമൂഹമാധ്യമങ്ങൾ വഴി 7.6 ദശലക്ഷം ആളുകളും. ഗുണവിലവാരമുള്ള പ്രൈമറി വിദ്യാഭ്യാസത്തിന് യു.എസ്. ഗവൺമെന്റിനുള്ള പ്രതിബദ്ധത വിളിച്ചോതുന്ന ഈ സംരംഭം അടിസ്ഥാന വിവരസമ്പാദനത്തിനും ഏവർക്കും നേടാവുന്ന സ്‌കൂൾ പ്രവേശനത്തിനും ലിംഗസമത്വമുള്ള വിദ്യാഭ്യാസത്തിനുമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ഗവൺമെന്റിന്റെ “നിപുൺ” മിഷൻറെ ദൗത്യവുമായി ഒന്നുചേരുന്നു.

വിവിധ ഉദ്യമങ്ങളിലൂടെയും ശ്രോതസുകളിലൂടെയും ഇന്ത്യയിലും ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾക്ക് യു.എസ്. ഉന്നതവിദ്യാഭ്യാസത്തിനുള്ള പ്രാപ്യത വർദ്ധിപ്പിക്കാനായി യു.എസ്. ഡിപ്പാർട്മെൻറ് സ്റ്റേറ്റ് കീഴിൽ പ്രവർത്തിക്കുന്ന വിഭാഗമാണ് എജ്യുക്കേഷൻ യു.എസ്.എ.

ഇന്ത്യയിലുള്ള വിദ്യാർത്ഥികൾക്ക് അമേരിക്കൻ വിദ്യാഭ്യാസത്തിന്റെ സാദ്ധ്യതകൾ അന്വേഷിച്ചറിയുന്നത് എളുപ്പമാക്കുന്നതിന്റെ ഭാഗമായി എജ്യുക്കേഷൻ യു.എസ്.എ. ഇന്ത്യ വെബ്സൈറ്റ് (https://educationusa.in/) തുടങ്ങിയിട്ടുണ്ട്. കോളേജ് അപേക്ഷാപ്രക്രിയയെക്കുറിച്ച് പുതിയ വിവരങ്ങൾ അറിയാൻ വിദ്യാർത്ഥികൾക്ക് എജ്യുക്കേഷൻ യു.എസ്.എ. ഇന്ത്യ ആപ്പ് സൗജന്യമായി iOS, ആൻഡ്രോയിഡ് ഉപകരണങ്ങളിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്. യുണെറ്റഡ് സ്റ്റേറ്റ്സിൽ ഉന്നതവിദ്യാഭ്യാസത്തിനുള്ള തയ്യാറെടുപ്പിന് എളുപ്പത്തിൽ ചെയ്യാവുന്ന ആദ്യ പടിയാണിത്. https://educationusa.in/ വെബ്സൈറ്റും സന്ദർശിക്കാം.