china

ഉന്നത വിദ്യാഭ്യാസത്തിനായി യുവതലമുറ വിദേശരാജ്യങ്ങളിലേക്കു ചേക്കേറുകയാണ്. ഇതിനിടയിൽ, വികസിത രാജ്യങ്ങളിൽ പോലും അവസരങ്ങൾ കുറയുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. കാനഡ, യു.കെ, യൂറോപ്യൻ യൂണിയൻ, യൂറോപ്യൻ കൗൺസിൽ രാജ്യങ്ങളിലാണ് ഇത്തരം പ്രവണത കൂടുതൽ. അയർലൻഡ്, സ്‌കോട്‌ലാൻഡ്, വെയിൽസ്, ഫ്രാൻസ്, ജർമ്മനി,നെതർലൻഡ്‌സ്. പോളണ്ട്, ഹംഗറി, ലിത്വാനിയ, ജോർജിയ തുടങ്ങിയ രാജ്യങ്ങളിലും ഈ പ്രതിസന്ധികൾ തുടങ്ങിയിട്ടുണ്ട്.

പാർട്ട്‌ടൈം തൊഴിലവസരം കുറയുന്നു

.............................

പഠനച്ചെലവിനായി പാർട്ട് ടൈം തൊഴിൽ ചെയ്യാനാഗ്രഹിച്ച് വിദേശത്തെത്തുന്ന വിദ്യാർത്ഥികൾക്ക് അതിനുള്ള അവസരങ്ങൾ ലഭിക്കുന്നില്ല. പോസ്റ്റ് സ്റ്റഡി വർക്ക് വിസയിൽ കോഴ്‌സ് പൂർത്തിയാക്കിയശേഷം തൊഴിൽ ചെയ്യുന്നതിനുള്ള അവസരം വിദ്യാർത്ഥികൾ തന്നെ കണ്ടെത്തണമെന്നാണ് സർവകലാശാലകളും കോളേജുകളും നിഷ്‌കർഷിക്കുന്നത്. എന്നാൽ അതിന് വിദ്യാർത്ഥികൾക്ക് സാധിക്കുന്നില്ല.

ലഭിക്കുന്ന പാർട്ട് ടൈം തൊഴിലുകൾ കാമ്പസിൽ നിന്നു വളരെ ദൂരെയായതിനാൽ പഠനവും തൊഴിലും ഒരുമിച്ചു കൊണ്ടുപോകാൻ ബുദ്ധിമുട്ടുന്നവരുമുണ്ട്. പാർട്ട് ടൈം തൊഴിലിനുള്ള വർദ്ധിച്ച സമ്മർദ്ദം മൂലം വേതനത്തിലും കാര്യമായ ഇടിവുണ്ട്. മണിക്കൂറിനു 12 പൗണ്ടിലേറെ ലഭിക്കുമെങ്കിലും അഞ്ചു പൗണ്ടിനും തൊഴിൽ ചെയ്യേണ്ടിവരുന്ന വിദ്യാർത്ഥികളുണ്ട്. വേതനത്തിന്റെ കാര്യത്തിലും അന്താരാഷ്ര വിദ്യാർത്ഥികളോടുള്ള അനീതി നിലനിൽക്കുന്നു.

ഭീമമായ വാടക

........................

മുൻവർഷങ്ങളെ അപേക്ഷിച്ച് കാനഡയിലും യു.കെയിലും യൂറോപ്യൻ രാജ്യങ്ങളിലും ഭീമമായ വാടകയാണ് അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കുന്നത്. ജീവിതച്ചെലവും വളരെ കൂടുതലാണ്. യു.കെയിലും അയർലൻഡിലും ക്യാമ്പസിൽ താമസസൗകര്യം ലഭിക്കാൻ ബുദ്ധിമുട്ടാണ്.

ഇപ്പോൾ അണ്ടർ ഗ്രാജ്വേറ്റ്, ഗ്രാജ്വേറ്റ് പ്രോഗ്രാമുകൾക്കുള്ള സ്‌കോളർഷിപ്പുകളും കുറവാണ്. ഭീമമായ തുക വായ്പയെടുത്താണ് രക്ഷിതാക്കൾ വിദ്യാർത്ഥികളെ വിദേശത്തു പഠിക്കാൻ വിടുന്നത്. അതിനാൽ, വിദ്യാർത്ഥികൾ കാര്യങ്ങൾ വസ്തുനിഷ്ഠമായി വിലയിരുത്തി മാത്രമേ തീരുമാനമെടുക്കാവൂ.

പ്ലസ്ടുവിന് ശേഷമുള്ള അണ്ടർ ഗ്രാജ്വേറ്റ് പഠനത്തിന് സ്‌കോളർഷിപ്പുകൾ തീരെ കുറവാണ്. സമാന സ്വഭാവമുള്ള കോഴ്‌സുകൾ ഇന്ത്യയിൽ ചെയ്യുന്നതാണ് നല്ലത്. വിദേശപഠനത്തിനായി തിരഞ്ഞെടുക്കുന്നവ ഇനവേറ്റീവ് കോഴ്‌സുകളായിരിക്കണം. ജീവിതച്ചെലവ് പ്രത്യേകം വിലയിരുത്തണം. മികച്ചറാങ്കിംഗുള്ള സർവ്വകലാശാലകൾ തിരഞ്ഞെടുക്കണം.

സാമ്പത്തികസ്രോതസ്സിനായി സ്‌കോളർഷിപ്, അസിസ്റ്റന്റ്ഷിപ്, ഫെല്ലോഷിപ് എന്നിവയ്ക്കുള്ള സാദ്ധ്യതകൾ അറിയണം. അംഗീകാരമില്ലാത്ത ഏജൻസികളുടെ തെറ്റായ വാഗ്ദാനങ്ങളിൽ വിശ്വസിക്കരുത്. വിദേശ കാമ്പസുകളിലെ ഇന്ത്യൻ വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തണം. ഏജൻസി നിഷ്‌കർഷിക്കുന്ന കോഴ്‌സുകൾ തിരഞ്ഞെടുക്കരുത്.

അടുത്തയിടെ ചൈനയിലെ (ബെയ്ജിങ്) ടൂറിസ്റ്റ് കേന്ദ്രത്തിൽ ഹോട്ടൽ നടത്തുന്ന മലയാളികളെ കണ്ടപ്പോൾ അവർ പറഞ്ഞത്, ചൈനയിലെ മെഡിക്കൽ പഠനം ഉപേക്ഷിച്ചാണ് തങ്ങൾ ഈ മേഖലയിലെത്തിയത് എന്നായിരുന്നു. റഷ്യയിലും. പോളണ്ടിലും സമാന രീതികൾ കണ്ടുവരുന്നു.

സ്കോളർഷിപ്പുകൾ

...........................

അഡ്മിഷൻ ലഭിച്ചാൽ സ്‌കോളർഷിപ്പിന് വേണ്ടി ഒരുവർഷം കാത്തിരിക്കുന്നതിൽ തെറ്റില്ല. പ്രസ്തുത കാലയളവിൽ നിരവധി സാമ്പത്തിക സ്രോതസുകൾക്ക് അപേക്ഷിക്കാം. വിദേശ രാജ്യങ്ങളുമായി ചേർന്ന് ഇന്ത്യ ഗവണ്മെന്റ് നൽകിവരുന്ന നിരവധി സ്‌കോളർഷിപ്/ഫെല്ലോഷിപ്പ് പ്രോഗ്രാമുകളുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

..............................

ലോക റാങ്കിംഗ് വിലയിരുത്തി മാത്രമേ വിദേശസർവ്വകലാശാലകൾ തിരഞ്ഞെടുക്കാവൂ.

ടൈംസ് ഹയർ എജ്യുക്കേഷൻ, QS റാങ്കിങ്, AMBA റാങ്കിംഗ് എന്നിവ ഇതിനായി പ്രയോജനപ്പെടുത്താം.

ലോക റാങ്കിംഗിലുള്ള സർവ്വകലാശാലകളുടെ പേരുള്ള അംഗീകാരമില്ലാത്ത സ്ഥാപനങ്ങളുണ്ട്.

വെബ്‌സൈറ്റിന്റെ ആകർഷണീയത കണ്ട് അഡ്മിഷന് മുതിരരുത്.

ഇടനിലക്കാരെ ഒഴിവാക്കി വിദ്യാർത്ഥി നേരിട്ട് ഓൺലൈനായി അപേക്ഷിക്കണം

വിദ്യാർത്ഥിയുടെ താത്പര്യം, അഭിരുചി, കഴിവ് എന്നിവ വിലയിരുത്തി കോഴ്‌സുകൾ കണ്ടെത്തണം

ഏജൻസികൾ നിർദ്ദേശിക്കുന്ന കോഴ്‌സുകൾ എടുക്കരുത്

അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിൽ അഡ്മിഷൻ നേടിയാൽ വിസയ്ക്കും പോസ്റ്റ് സ്റ്റഡി വർക്ക് വിസയ്ക്കും തടസങ്ങളുണ്ടാകും.

യൂറോപ്യൻ കൗൺസിൽ രാജ്യങ്ങളിൽ യുദ്ധഭീതി നിലനിൽക്കുന്നതിനാൽ ജിയോ പൊളിറ്റിക്കൽ സാഹചര്യം വിലയിരുത്തണം.