nayanthara

40ാം പിറന്നാളിന്റെ നിറവിലാണ് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ നയൻതാര. പതിനെട്ടുകാരിയുടെ പ്രസരിപ്പും സൗന്ദര്യവുള്ള നടിയുടെ സൗന്ദര്യരഹസ്യത്തെക്കുറിച്ച് അറിയാൻ ആഗ്രഹിക്കാത്തവർ കുറവായിരിക്കും. അടുത്തിടെ സമൂഹമാദ്ധ്യമ പോസ്റ്റിലൂടെ സൗന്ദര്യവും ആരോഗ്യവും നിലനിർത്താൻ താൻ പാലിച്ചുപോരുന്ന ജീവിത ചര്യകളെക്കുറിച്ച് താരം വെളിപ്പെടുത്തിയിരുന്നു.

കാലങ്ങളോളം ഞാൻ കരുതിയത് ഡയറ്റ് എന്നാൽ നിയന്ത്രണങ്ങളും ഞാൻ ആസ്വദിക്കാത്ത ഭക്ഷണങ്ങൾ കഴിക്കലുമാണെന്നായിരുന്നു. എന്നാൽ കാലറി എണ്ണുന്നതിലല്ല, മറിച്ച് പോഷകങ്ങൾ എണ്ണുന്നതിലാണ് കാര്യമെന്ന് ഞാനിപ്പോൾ മനസിലാക്കുന്നു. ശരിയായ അളവിൽ വ്യത്യസ്‌തമായ ഭക്ഷണങ്ങൾ കഴിച്ച് സ്ഥിരതയും ബാലൻസും നിലനിർത്താനാണ് ശ്രമിക്കേണ്ടതെന്ന് നടി പറയുന്നു. തന്റെ ആരോഗ്യവും സൗന്ദര്യവും നിലനിർത്താൻ സഹായിക്കുന്നതിന് ന്യൂട്രീഷനിസ്റ്റ് മുൻമുൻ ഗനേരിവാളിനും നയൻതാര നന്ദി പറയുന്നു.

'വീട്ടിലുണ്ടാക്കുന്ന, പോഷകവും രുചികരവുമായ ഭക്ഷണം കഴിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. സന്തോഷത്തോടെയും കുറ്റബോധമില്ലാതെയും കഴിക്കാൻ ആഗ്രഹിക്കുന്നു. ജങ്ക് ഫുഡിനോട് ഇപ്പോൾ താത്‌‌പര്യം തോന്നാറില്ല. ആഹാര രീതികൾ മാറ്റിയതോടെ ഊർജ്ജസ്വലയായും സന്തോഷത്തോടെയും ഇരിക്കാൻ സാധിക്കുന്നു'നടി പങ്കുവച്ചു. സന്തോഷത്തോടെയും സംതൃപ്‌തിയോടെയും ആഹാരം കഴിക്കുന്നത് ഭക്ഷണവുമായി നല്ല ബന്ധം നിലനിർത്താൻ സഹായിക്കുമെന്നാണ് നയൻതാരയുടെ പോളിസി. സന്തോഷത്തിന്റെയും ചൈതന്യത്തിന്റെയും ഉറവിടമായി ഭക്ഷണത്തെ കണക്കാക്കണം. സംതൃപ്‌തിയോടെയും കൃതജ്ഞതയോടും കൂടി ഭക്ഷണത്തെ സമീപിക്കുമ്പോൾ, ഭക്ഷണത്തിന്റെ കുറവോ അമിതഭോഗമോ അനുഭവപ്പെടാനുള്ള സാദ്ധ്യത കുറവാണെന്നും നടി പറയുന്നു.