lottery

വേഗം പണം സമ്പാദിക്കാൻ ആഗ്രഹിക്കുന്നവർ ആദ്യം ചെയ്യുന്ന ഒരു കാര്യമുണ്ട്. ദിവസേന ലോട്ടറിയെടുക്കുക. വരുമാനത്തിന്റെ ഒരു വിഹിതം ലോട്ടറിക്കായി ചെലവഴിക്കുന്ന വലിയ ഒരു സമൂഹം നമ്മുടെ ഇടയിലുണ്ട്. ലോട്ടറി അടിച്ച് ജീവിതം മാറിയവരെ കണ്ടാണ് പലരും ലോട്ടറി എടുക്കുന്നത് സ്ഥിരമാക്കുന്നത്. എന്നാൽ ലോട്ടറി അടിച്ച് വർഷങ്ങൾക്ക് ശേഷം നയാപൈസ കയ്യിലെടുക്കാനില്ലാത്തവരുടെ അവസ്ഥ നിങ്ങൾ നേരിൽ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ അങ്ങനെയുള്ള ഒരാളെക്കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.

യുകെയിലെ വെസ്റ്റ് യോർക്ക്‌ഷെയർ സ്വദേശിയായ യുവതി ലാറ ഗ്രിഫിത്തിന് 2005ൽ ആണ് 1.8 മില്യൺ പൗണ്ട് ലോട്ടറി അടിക്കുന്നത്. ഏകദേശം 20 കോടിയോളം ഇന്ത്യൻ രൂപ. ഇത്രയും വലിയ തുക ലോട്ടറി അടിച്ചതോടെ ലാറയുടെ ജീവിതം ആകെ മാറി. എന്നാൽ ഇന്നത്തെ ലാറയുടെ അവസ്ഥ എല്ലാവരിലും ഞെട്ടലുണ്ടാക്കും.

ലോട്ടറി അടിക്കുന്ന സമയത്ത് ലാറയും ഭർത്താവും വളരെ ലളിതമായ ജീവിതമാണ് നയിച്ചത്. 30ാം വയസിലാണ് വലിയ സൗഭാഗ്യം ഇവരെ തേടിയെത്തുന്നത്. റൂബി എന്നൊരു മകളും ഇവർക്കുണ്ടായിരുന്നു. ലോട്ടറി അടിച്ചതിന് ശേഷം തങ്ങളുടെ ജീവിതം എത്രത്തോളം മാറുമെന്ന് ദമ്പതികൾക്ക് അറിയില്ലായിരുന്നു. പെട്ടെന്ന് തങ്ങളുടെ ജീവിതത്തിൽ സമ്പത്ത് വന്നതോടെ അവർ അതിരുകടന്ന ഒരു ജീവിതശൈലിയിലേക്ക് കടന്നു.

രണ്ടും പേരും ജോലി രാജിവച്ചു. 4.8 കോടി രൂപ വിലവരുന്ന ഒരു മണിമാളിക അവർ സ്വന്തമാക്കി. പിന്നാലെ ആഡംബര യാത്രകൾ നടത്തി. ദുബായ്, ഫ്‌ളോറിഡ, ഫ്രാൻസ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇവർ കുടുംബമായി യാത്ര ചെയ്യാൻ തുടങ്ങി. പിന്നാലെ ഒരു വരുമാനം ലഭിക്കുന്നതിനായി 1.6 കോടി രൂപ ചെലവിച്ച് ഒരു ബ്യൂട്ടി സലൂൺ ആരംഭിച്ചു. അങ്ങനെ കയ്യിലുള്ള സമ്പാദ്യം ഉപയോഗിച്ച് അവർ ഓരോ തീരുമാനങ്ങൾ എടുക്കാൻ തുടങ്ങി.

എന്നാൽ അവരുടെ ജീവിതത്തിലെ എല്ലാം മാറിമറിയാൽ അധികം സമയം വേണ്ടിവന്നില്ല. പിന്നീടങ്ങോട്ടുള്ള വർഷങ്ങളിൽ ലാറയുടെ ജീവിതത്തിൽ നിർഭാഗ്യകരമായ സംഭവവികാസങ്ങൾ മാത്രമാണ് ഉണ്ടായത്. 2010 ഡിസംബറിൽ അവരുടെ കോടിക്കണക്കിന് രൂപ ചെലവഴിച്ച് നിർമ്മിച്ച വീട്ടിൽ തീപ്പിടിത്തമുണ്ടായി എല്ലാം നശിച്ചു. ആ തിപിടിത്തത്തിന് ശേഷം ആ വീട്ടിൽ ഒന്നും അവശേഷിച്ചില്ല. എല്ലാം കത്തിനശിച്ചു പോയിരുന്നു. ആ സമയത്ത് എന്ത് ചെയ്യണമെന്ന് അറിയാതിരുന്ന ലാറയും കുടുംബവും എട്ട് മാസത്തോളം ഓരോ ഹോട്ടലുകളിൽ മാറിമാറി താമസിച്ചു. പിന്നീട് അമ്മയുടെ വീട്ടിലേക്ക് താമസം മാറി. ശേഷമാണ് വീട് പുനർനിർമ്മിച്ചത്.

2011ന്റെ മദ്ധ്യത്തിൽ അവർ പഴയ വീട്ടിലേക്ക് താമസം മാറി. എന്നാൽ ലാറയുടെ പ്രശ്നങ്ങൾ അവിടംകൊണ്ടൊന്നും തീർന്നില്ല. റോജറുമായുള്ള ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ആരംഭിച്ചു. ഇതോടെ ലാറ വിവാഹമോചനമെന്ന തീരുമാനത്തിലേക്കും എത്തി. കുട്ടികളുടെ പരിപാലനം ഒറ്റയ്ക്ക് ഏറ്റെടുക്കേണ്ടിവന്ന ലാറ സാമ്പത്തികമായ ബുദ്ധിമുട്ടുകളിലേക്കും കടന്നു. 2013ൽ വിവാഹമോചനം നിയമപരമായി ലഭിച്ചതോടെ ലാറയുടെ കയ്യിൽ ഒന്നും ഇല്ലാതെയായി.

ഒരിക്കൽ സമ്പന്നരായ ദമ്പതികൾക്ക് അവരുടെ വീടും ബ്യൂട്ടി സലൂണും വിൽക്കേണ്ടിവന്നു, അതുവരെ ആസ്വദിച്ച ആഡംബരത്തിൽ നിന്ന് മറ്റൊരു ജീവിതത്തിലേക്ക് വഴുതിവീണു. എല്ലാം വിറ്റതിന് പിന്നാലെയുണ്ടായ സാമ്പത്തിക തകർച്ചയിൽ ലാറ മക്കളെ പോറ്റാൻ പാടുപെടുകയാണ്. ഇന്ന്, അവർ അമ്മയ്ക്കും രണ്ട് പെൺമക്കൾക്കും ഒപ്പം ഒരു ചെറിയ വീട്ടിലാണ് താമസിക്കുന്നത്. ഇപ്പോൾ 20 വയസ്സുള്ള റൂബിയും 17 വയസുള്ള കിറ്റിയും ലാറയ്‌ക്കൊപ്പമാണ്. ഈ വെല്ലുവിളി നിറഞ്ഞ ജീവിതത്തിനിടെയിലും ലാറ തന്റെ കുടുംബത്തിന്റെ ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു.