
കോട്ടയം : ക്വാറി ഉത്പന്നങ്ങളുടെ ലഭ്യതക്കുറവും, സാമഗ്രികളുടെ വിലക്കയറ്റവും, തൊഴിലാളിക്ഷാമവും മൂലം 30 ശതമാനം നിർമ്മാണ പ്രവർത്തനങ്ങളും സ്തംഭനാവസ്ഥയിൽ. എം.സാൻഡ്, പി.സാൻഡ് എന്നിവയ്ക്ക് ദിവസേന വില ഉയരുകയാണ്. പ്ലമ്പിംഗ് സാമഗ്രികൾക്ക് 10 ശതമാനം വിലവർദ്ധനവുണ്ടായി.
കബോർഡുകൾ ഉപയോഗിക്കാതെ വീടിന്റെ നിർമ്മാണം പൂർത്തിയാക്കണമെങ്കിൽ സ്‌ക്വയർഫീറ്റിന് 2350 രൂപയാണ്. മുഴുവൻ തുകയും കണ്ടെത്തിയതിന് ശേഷം നിർമ്മാണം ആരംഭിച്ചവർക്ക് പോലും വിലക്കയറ്റത്തിൽ അടിതെറ്റുകയാണ്.
കരാർ എടുത്തവരും പറഞ്ഞ തുകയിൽ നിർമാണം പൂർത്തിയാക്കാനാകാതെ ബുദ്ധിമുട്ടുന്നു. അതേസമയം സിമന്റ് വില താഴ്ന്നു. പാരിസ്ഥിതികപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ജില്ലയിലെ 26 ക്രഷറുകളുടെ പ്രവർത്തനം നിറുത്തിവച്ചിരിക്കുകയാണ്. കൂത്താട്ടുകുളം, തൊടുപുഴ എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് ആവശ്യമായ എം.സാൻഡും, ടി.സാൻഡും എത്തിക്കുന്നത്.
പാതിവഴിയിൽ കുരുങ്ങി ലൈഫും
ലൈഫ് പദ്ധതി പ്രകാരം വീട് പണിയുന്ന ബി.പി.എൽ കുടുംബങ്ങളെയും സാധാരണക്കാരെയും വിലക്കയറ്റം പ്രതികൂലമായി ബാധിച്ചു. നാല് ലക്ഷം രൂപയാണ് പദ്ധതി വഴി നൽകുന്നത്. 12 ലക്ഷം രൂപ വരെയാണ് നിർമ്മാണച്ചെലവ്. തൊഴിലാളികുടെ കൂലിയിലും വർദ്ധനവുണ്ടായി. രണ്ട് വർഷം മുമ്പ് 800 രൂപയായിരുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് പ്രതിദിനം 1000 രൂപയാണ്. തദ്ദേശ സ്ഥാപനങ്ങളിലെ നിർമ്മാണ ജോലികളും സ്തംഭിച്ചു. മുൻ ബില്ലുകൾ പാസാക്കാത്തതിനാൽ കരാറുകാരും പുതിയ പ്രവൃത്തികൾ ഏറ്റെടുക്കുന്നില്ല. സ്വകാര്യ മേഖലയിലെ ഫ്ലാറ്റ്, വില്ല പദ്ധതികളും പ്രതിസന്ധിയിലാണ്.
വില ഇങ്ങനെ
എം.സാൻഡ് (ഒരു അടി) : 70
പി.സാൻഡ് (ഒരു അടി) : 75
വൺ സ്‌ക്വയർ വയർ : 1250
മെറ്റിൽ : 58
സിമന്റ് (50 കിലോ): 330
കമ്പി (ഒരുകിലോ): 65
''ഒന്നരവർഷത്തോളമായി നിർമ്മാണമേഖല തകർച്ചയിലാണ്. തുച്ഛമായ നിർമ്മാണപ്രവർത്തനങ്ങൾ മാത്രമാണ് പകുതിയോളം കോൺട്രാക്ടർമാർക്കും ലഭിക്കുന്നത്. പ്രതിസന്ധി പരിഹരിക്കുന്നതിനായി വിശദമായ പഠനം നടത്താനൊരുങ്ങുകയാണ്.
(കോൺട്രാക്ടർമാരുടെ സംഘം)