rain

മനസിലേക്ക് പെയ്തിറങ്ങുന്ന രസകരമായ ഒരനുഭവമാണ് മഴ. ഇടവപ്പാതിയും തുലാവർഷവും മാറിമാറി വന്ന് കേരളത്തെ കനിഞ്ഞനുഗ്രഹിച്ചിരുന്ന കാലം ഇന്ന് പഴയൊരോർമ്മ മാത്രമാണ്. സവിശേഷമായ കാലാവസ്ഥയും ഭൂപ്രകൃതിയും കൊണ്ട് സമ്പന്നമായ കേരളത്തിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടായുണ്ടാകുന്ന അതിതീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങൾ വിരൽ ചൂണ്ടുന്നത് കാലാവസ്ഥ കൂടുതൽ അസ്ഥിരമാകുന്നുവെന്നാണ്. ഒന്നുകിൽ എല്ലാം തകർത്തെറിയുന്ന പേമാരി, അല്ലെങ്കിൽ അതികഠിനമായ ഉഷ്ണം... ചിങ്ങമാസം കഴിഞ്ഞെത്തുന്ന കന്നിയിൽ കടുത്ത വെയിലുണ്ടാകേണ്ട 'കന്നിവെറി' ഇക്കുറി മഴയിൽ മുങ്ങിയ കാലാവസ്ഥയായിരുന്നു. വൃശ്ചികം പിറന്നിട്ടും മഴയുടെ താണ്ഡവം തുടരുകയാണ്. വൃശ്ചിക പുലരിയിലെ കോടമഞ്ഞും തണുപ്പും ഇപ്പോൾ കണികാണാനേയില്ല. ഈ കാലാവസ്ഥയിൽ പൂവണിയേണ്ട മാവും പ്ളാവുമൊന്നും പൂക്കുന്ന ലക്ഷണംപോലും കാട്ടുന്നില്ല. മഴയുടെ രീതിയിൽ തന്നെയുണ്ട് പ്രകടമായ മാറ്റം. വീട്ടിൽ നിന്നിറങ്ങുമ്പോൾ മഴ കണ്ട് കുടയുമായിറങ്ങി കുറച്ച് ചെല്ലുമ്പോൾ മഴയുടെ ലാഞ്ചന പോലും കാണില്ല. മഴയങ്ങനെ മാറിക്കളിക്കുകയാണ്. വർഷത്തിൽ 120 ദിവസം ലഭിച്ചിരുന്ന മഴയിൽ ഏറ്റക്കുറച്ചിലുകളുണ്ടാകുന്നു. ചെറിയ പ്രദേശത്ത് പോലും തീവ്രമഴ പെയ്യുന്നു. കാട്ടിൽ മാത്രമല്ല, നാട്ടിലും മേഘവിസ്ഫോടനങ്ങളുണ്ടാകുന്നു.

മേഘവിസ്ഫോടനം

സഹ്യപർവതത്തിന്റെ സ്വാധീനവും വിശാലമായ സമുദ്ര സാമീപ്യവും കേരളത്തിന്റെ കാലാവസ്ഥയെ നന്നായി സ്വാധീനിക്കുന്നുണ്ട്. ആഗോളതാപനത്തിന്റെ ഫലമായി അറബിക്കടൽ ദ്രുതഗതിയിൽ ചൂടാകുന്നതാണ് കേരളത്തിലെ മഴപ്പെയ്ത്തിനെ മാറ്റിമറിക്കുന്നതെന്നാണ് ശാസ്ത്രകാരന്മാർ പറയുന്നത്. മൺസൂൺ മഴയിലെ ആകെ മഴയുടെ അളവിൽ വലിയ മാറ്റമുണ്ടാകുന്നില്ലെങ്കിലും അതിന്റെ വിതരണത്തിൽ സാരമായ മാറ്റം സംഭവിച്ചു കഴിഞ്ഞു. സാധാരണയായി കാലവർഷക്കാലത്ത് പശ്ചിമഘട്ടത്തിന് പടിഞ്ഞാറായി കാണപ്പെടുക ഉയരം കുറഞ്ഞ മേഘങ്ങളായിരുന്നു. എന്നാൽ അടുത്ത കാലത്തായി 12 മുതൽ 14 കിലോമീറ്റർ വരെ ഉയരം വരുന്ന 'കൂമ്പാര മേഘങ്ങ'ളാണ് രൂപം കൊള്ളുന്നത്. ഇത്തരം മേഘങ്ങൾ ആ പ്രദേശത്ത് തലയ്ക്കു മുകളിൽ നിൽക്കുന്ന ഒരു ഭീമൻ ജലസംഭരണി പോലെ പ്രവർത്തിക്കാം. അവയിൽ നിന്ന് കുറഞ്ഞ സമയംകൊണ്ട് പെയ്യുന്ന കൂടിയ അളവിലുള്ള മഴ പ്രളയത്തിനും ഇടിമിന്നലിനുമൊക്കെ കാരണമാകും.

കടലിലെ താപ വർദ്ധനയാണ് ഇതിനൊക്കെ സഹായിക്കുന്നത്. 2018 ലും 2021 ലുമൊക്കെ കേരളത്തിൽ പ്രളയ കാരണമായത് മേഘവിസ്‌ഫോടനം എന്നറിയപ്പെടുന്ന പ്രതിഭാസമാണ്. ഒരു മണിക്കൂറിൽ 10 സെന്റിമീറ്ററിലധികം മഴ പെയ്താൽ മാത്രമാണ് കാലാവസ്ഥാ വകുപ്പ് അതിനെ മേഘവിസ്‌ഫോടനമായി കണക്കാക്കുന്നത്. കേരളത്തിൽ ഇത് അപൂർവമായിരുന്നെങ്കിലും മൂന്ന് മണിക്കൂറിൽ 20- 25 സെന്റിമീറ്റർ മഴ അടുത്തിടെ കേരളത്തിൽ ലഭിച്ചു. രണ്ട് മണിക്കൂറിൽ 5 സെന്റിമീറ്റിന് മുകളിൽ മഴ ലഭിച്ചതാണ് അടുത്ത കാലത്ത് വയനാട്ടിലെ ഉരുൾപൊട്ടലിൽ കലാശിച്ചത്. കേരളത്തെപ്പോലെ കുത്തനെ ചരിവുള്ള മലനിരകളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടാക്കാൻ രണ്ടുമണിക്കൂറിൽ 10 സെന്റിമീറ്റർ മഴ പെയ്താൽ മതി. ഒരുദിവസം 24 സെന്റിമീറ്റർ മഴ ലഭിച്ചാൽ അത് അതിതീവ്ര മഴയിലേക്കും മിന്നൽ പ്രളയത്തിലേക്കും നയിക്കും.

ഭൂവിനിയോഗത്തിൽ മാറ്റം

കരയിലെ ഭൂവിനിയോഗത്തിലുണ്ടായ മാറ്റമാണ് ഇന്നത്തെ കാലാവസ്ഥാ മാറ്റത്തിനു പ്രധാന കാരണമായി ശാസ്ത്രീയ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. മഴയുടെ ദൈർഘ്യം നിർണ്ണയിക്കുന്നതിൽ ഭൂവിനിയോഗത്തിന് കാര്യമായ പങ്കുണ്ട്. കാലാവസ്ഥാ മാറ്റത്തിനും ഇത് വഴിതെളിക്കും. വനനശീകരണം, കുന്നുകൾ നിരത്തൽ, പാടശേഖരങ്ങൾ നികത്തി ഫ്ളാറ്റുകളും കെട്ടിടങ്ങളും നിർമ്മിക്കൽ, പരിസ്ഥിതിക്ക് ഇണങ്ങാത്ത വിധം കോൺക്രീറ്റ്‌വത്ക്കരണം തുടങ്ങിയവയൊക്കെ ഭൂമിയും അന്തരീക്ഷവുമായുള്ള സംതുലനത്തെ കാര്യമായി ബാധിച്ചു കഴിഞ്ഞു. 10 സെന്റ് പാടശേഖരത്തിന് 1,60,000 ലിറ്റർ വെള്ളം ഉൾക്കൊള്ളാൻ കഴിയും. ഒരു ഹെക്ടർ കാടുണ്ടെങ്കിൽ അത് 32,000 ഘന പ്രദേശത്തെ മഴയെ ഉൾക്കൊള്ളും. കാടും മലയും പുഴയും തോടും നദികളും ഒന്നും വേണ്ട, പക്ഷെ മഴ കൃത്യമായി ലഭിക്കണമെന്നതാണ് മലയാളികളുടെ കാഴ്ചപ്പാട്. ഇതെങ്ങനെ ശരിയാകുമെന്നാണ് ജല, പരിസ്ഥിതി മേഖലാ പ്രവ‌ർത്തകനായ ഡോ. വി.സുഭാഷ് ചന്ദ്രബോസ് ചോദിക്കുന്നത്.

കാ‌ർഷികമേഖലയുടെയും

താളം തെറ്റി

കാലാവസ്ഥാവ്യതിയാനം കാർഷികമേഖലയിലുണ്ടാക്കിയ തകർച്ച സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെയും ഗുരുതരമായി ബാധിക്കുന്നതാണ്. 2018 ലെ മഹാപ്രളയത്തിനു ശേഷം കാലവർഷത്തിലുണ്ടായ മാറ്റം കാർഷികമേഖലയുടെ താളം തെറ്റിച്ചു. കോടികളുടെ നഷ്ടമാണ് കാർഷികമേഖലയിൽ ഇതുണ്ടാക്കുന്നത്. ജൂൺ- ജൂലായ് മാസങ്ങളിൽ ലഭിക്കേണ്ട മഴ കുറച്ചു വർഷങ്ങളായി ആഗസ്റ്റ്- സെപ്തംബർ മാസങ്ങളിലാണ് ലഭിക്കുന്നത്. വേനൽമഴക്ക് ശക്തികൂടുകയും ചെയ്യുന്നു. സംസ്ഥാനത്ത് നെല്ലിന്റെയും മറ്റു ഭക്ഷ്യോൽപ്പന്നങ്ങളുടെയും ഉല്പാദനത്തിൽ ഗണ്യമായ ഇടിവ് സംഭവിച്ചതായി സർക്കാർ ഏജൻസിയായ എക്കണോമിക്സ് ആന്റ് സ്റ്റാറ്റിറ്റിക്സ് വിഭാഗം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 2021- 22 വർഷം സംസ്ഥാനത്തെ നെൽപ്പാടങ്ങളുടെ വിസ്തൃതിയിൽ മുൻ വർഷത്തെ അപേക്ഷിച്ച് 4.54 ശതമാനത്തിന്റെ കുറവുണ്ടായപ്പോൾ നെല്ലുല്പാദനത്തിൽ 10.34 ശതമാനത്തിന്റെ കുറവുണ്ടായി. നെല്ലിന്റെ ഉല്പാദനക്ഷമത ഹെക്ടറിന് 3091 കിലോയിൽ നിന്ന് 2827 ആയും കുറഞ്ഞു. നെല്ലിന്റെ കാര്യത്തിൽ മാത്രമല്ല, ഇടത്തരം കർഷകർ ഏറെ ആശ്രയിക്കുന്ന ഏത്തവാഴകൃഷി ഉല്പാദനത്തിൽ ഒരു വർഷംകൊണ്ട് 15.04 ശതമാനത്തിന്റെ കുറവുണ്ടായി. വാഴകൃഷിയുടെ വിസ്തൃതിയിലും 3.11 ശതമാനത്തിന്റെ കുറവുണ്ടായി. പച്ചക്കറികൃഷിയിൽ കഴിഞ്ഞ 5 വർഷത്തിനിടെ നേരിയ വർദ്ധനവുണ്ടായെന്നതാണ് എടുത്തുപറയേണ്ട വസ്തുത. ഒരുവർഷം 20 ലക്ഷം ടൺ പച്ചക്കറിയാണ് കേരളത്തിനു വേണ്ടത്. ഇപ്പോഴും നല്ലൊരളവ് പച്ചക്കറികൾക്കായി തമിഴ്നാടിനെയും കർണ്ണാടകത്തെയും ആശ്രയിക്കേണ്ടി വരുന്നു. ഓണംപോലെയുള്ള വിശേഷാവസരങ്ങളിലാണിത് കൂടുതൽ പ്രകടമാകുന്നത്. ഇന്ന് കേരളത്തിലെ വീടുകളിൽപോലും പച്ചക്കറികൾ ഉല്പാദിപ്പിക്കുന്ന മനോഭാവത്തിലേക്ക് ധാരാളം പേരെത്തിയെന്നത് ചെറിയ കാര്യമല്ല. അതേസമയം നെൽകൃഷിയുടെ കാര്യത്തിലാണ് കേരളം പഞ്ഞസംസ്ഥാനമായി മാറുന്നത്. പാടശേഖരങ്ങളും നെൽവയലുകളും യാതൊരു മാനദണ്ഡവുമില്ലാതെ നികത്തിയതുമൂലം ഏതാനും ദശാബ്ദത്തിനിടെ നെൽകൃഷി 9 ലക്ഷം ഹെക്ടറിൽ നിന്ന് 2 ലക്ഷം ഹെക്ടറിലേക്ക് കൂപ്പുകുത്തി.

വേണം ഭൂസാക്ഷരത

പരിസ്ഥിതി സംതുലിതവസ്ഥയെ ദുർബ്ബലമാക്കും വിധത്തിലുള്ള ഭൂവിനിയോഗത്തിൽ കാര്യമായ മാറ്റം അനിവാര്യമാണെന്ന സൂചനയാണ് കാലാവസ്ഥാ വ്യതിയാനവും പ്രകൃതിദുരന്തങ്ങളും നമ്മെ ഓർമ്മപ്പെടുത്തുന്നത്. ഓരോ വർഷവും നിശ്ചിത സമയത്ത് ഭൂമിക്ക് അനുഗ്രഹമായി ചൊരിയുന്ന മഴവെള്ളത്തിന് ഇന്നും ഒരു കുറവും വന്നിട്ടില്ല. നിരന്തരമായി ഉപയോഗിച്ചിട്ടും ഒരു കുറവും വരാത്ത ഒരേ ഒരു വസ്തു മഴവെള്ളം മാത്രമാണ്. എന്നിട്ടും ജലക്ഷാമത്തിനു കാരണമാകുന്നത് മനുഷ്യന്റെ തത്വദീക്ഷയില്ലാത്ത ഇടപെടലുകളാണ്. കാടുകളും തോടുകളും പാടങ്ങളും ചതുപ്പുകളും പോലുള്ള മഴവെള്ള സംഭരണികൾ മുഴുവൻ നശിപ്പിച്ച് കോൺക്രീറ്റ് കാടുകൾ തീർത്തതും ബാക്കിയുള്ളിടത്ത് മാലിന്യങ്ങൾ നിറച്ചതുമാണ് കുടിവെള്ളം മുട്ടിച്ചത്. ഭൂവിനിയോഗത്തിനും ഭൂപ്രകൃതിക്കും മണ്ണിന്റെ ഘടനക്കും ഭൂമിശാസ്ത്രപരമായ ഘടകങ്ങൾക്കും ഇതിൽ വലിയ പങ്കുണ്ട്. അതിനാൽ പുതിയ ഭൂസാക്ഷരതയെക്കുറിച്ചുള്ള അവബോധം അനിവാര്യമാണെന്നാണ് കാലം തെളിയിക്കുന്നത്.