gold-loan-

സ്വർണം ഈട് വച്ച് വായ്പ എടുക്കാത്തവർ ആരാണുള്ളത് അല്ലേ. പലരും ഇങ്ങനെ സ്വർണമെടുത്താൽ കാലാവധി തീരുന്നതിന് മുമ്പ് പുതുക്കുകയോ തിരിച്ചെടുക്കുകയോ ചെയ്യുന്നവരാണ്. എന്നാൽ ആ പ്രവണത അവസാനിക്കാൻ പോകുന്നു? പല ധനകാര്യ സ്ഥാപനങ്ങളും പ്രതിമാസ തിരിച്ചടവ് രീതി എർപ്പെടുത്താൻ ആലോചിക്കുന്നു. സ്വർണ വായ്പവിതരണം കുത്തനെ കൂടുകയും ചില ധനകാര്യ സ്ഥാപനങ്ങൾ ചട്ടങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നതിലും റിസർവ് ബാങ്ക് വലിയ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇഎംഐ സൗകര്യം ഏർപ്പെടുത്താനുള്ള തീരുമാനം ഉണ്ടായത്.

ഇഎംഐ സംവിധാനം മാത്രം അനുവദിച്ചാൽ സ്വർണപ്പണയ വായ്പകൾ പൂർണമായും ടേം ലോൺ സംവിധാനത്തിലേക്ക് മാറും. മറ്റ് വായ്പകൾ തിരിച്ചടക്കുന്നത് പോലെ പ്രതിമാസ തവണകളായി മുതലും പലിശയും തിരിച്ചടയ്ക്കണം. നിലവിൽ ഈ സംവിധാനമുണ്ടെങ്കിലും ആരും പിന്തുടാരാറില്ല. പലരും അവസാന നിമിഷം പുതുക്കിവയ്ക്കുകയോ പണയ സ്വർണം തിരിച്ചെടുക്കുകയോ ആണ് ചെയ്യാറ്.

അതേസമയം, സ്വർണപണയ വായ്പയിൽ പാലിക്കേണ്ട മാനദണ്ഡങ്ങൾ പല ധനകാര്യ സ്ഥാപനങ്ങളും പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നുണ്ടെന്ന് റിസർവ് ബാങ്ക് ചൂണ്ടിക്കാട്ടിയിരുന്നു. കെവൈസി ചട്ടം, ക്യാഷ് പരിധി, എൽടിവി നിബന്ധന, പരിശുദ്ധി പരിശോധന തുടങ്ങയവയാണ് പാലിക്കാത്തവ. സ്വർണപ്പണയ വായ്പയിൽ പരമാവധി 20,000 രൂപയേ ഇടപാടുകാരന് പണമായി കയ്യിൽ നൽകാവൂ. തുക അതിലും കൂടുതലാണെങ്കിൽ ഡിജിറ്റലായി വേണം കൈമാറാൻ. ഈടുവയ്ക്കുന്നതിന്റെ സ്വർണത്തിന്റെ മൊത്തം മൂല്യത്തിന്റെ പരമാവധി 75 ശതമാനം തുകയോ വായ്പയായി നൽകാവൂ.