d

ചെന്നൈ: എം.എസ്. സുബ്ബലക്ഷ്മിയുടെ പേരിലുള്ള സംഗീത കലാനിധി പുരസ്കാരം സംഗീതജ്ഞൻ ടി.എം. കൃഷ്ണയ്ക്ക് നൽകുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി. സുബ്ബലക്ഷ്മിയുടെ ആഗ്രഹത്തിന് എതിരാണെന്ന് കാട്ടി കൊച്ചുമകൻ ശ്രീനിവാസൻ നൽകിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് ജി. ജയചന്ദ്രന്റെ ഇടക്കാല ഉത്തരവ്. മദ്രാസ് സംഗീത അക്കാ‌മിയും ദ ഹിന്ദു പത്രവും ചേർന്നാണ് ടി.എം. കൃഷ്ണയ്ക്ക് പുരസ്‌കാരം പ്രഖ്യാപിച്ചത്. അക്കാഡമിക്ക് ഉചിതമെന്നു തോന്നുന്നെങ്കിൽ കൃഷ്ണയ്ക്ക് പുരസ്‌കാരം സമ്മാനിക്കാം. എന്നാൽ സുബ്ബലക്ഷ്മിയുടെ പേരിൽ പുരസ്‌കാരം നൽകരുതെന്നും കൃഷ്ണയുടെ നേട്ടങ്ങൾ അംഗീകരിക്കുന്നെന്നും കോടതി നിരീക്ഷിച്ചു. കൃഷ്ണയടെ നേട്ടങ്ങളും സംഭാവനകളും ആദരിക്കുന്നതിൽ തെറ്റില്ല. എന്നാൽ അത് സുബ്ബലക്ഷ്മിയുടെ താത്പര്യത്തിന് വിരുദ്ധമാകരുത്. തന്റെ പേരിൽ സ്മാരകങ്ങൾ നിർമ്മിക്കരുതെന്ന് സുബ്ബലക്ഷ്മിയടെ വിൽപത്രത്തിൽ ഉണ്ടായിരുന്നു. ഇക്കാര്യമാണ് ശ്രീനിവാസൻ ഹരജയിൽ ഉയർത്തിക്കാണിച്ചത്. ശ്രീനിവാസന്റെ ഹർജിക്കെതിരെ മ്യൂസിക് അക്കാ‌ഡമി എതിർ ഹർജി നൽകിയിരുന്നെങ്കിലും കോടതി തള്ളി.

സുബ്ബലക്ഷ്മിയുടെ കടുത്ത വിമർശകനാണ് ടി.എം.കൃഷ്ണ. അതിനാൽ പുരസ്‌കാരം അദ്ദേഹത്തിന് നൽകുന്നത് സുബ്ബലക്ഷ്മിയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കാണിച്ചാണ് ശ്രീനിവാസൻ ഹൈക്കോടതിയെ സമീപിച്ചത്. സുബ്ബലക്ഷ്മിക്കെതിരെ നിന്ദ്യവും അപകീർത്തികരവുമായ പരാമർശം നടത്തുകയാണെന്നും ഗായികയെ അപകീർത്തിപ്പെടുത്തുകയാണെന്നും കൊച്ചുമകൻ ശ്രീനിവാസൻ കോടതിയിൽ വാദിച്ചിരുന്നു. ഉയർന്ന ജാതിയിൽ പിറന്നതു കൊണ്ടാണ് സുബ്ബലക്ഷ്മിക്ക് ലഭിച്ച നേട്ടങ്ങളത്രയും എന്നാണ് ടി.എം. കൃഷ്ണ ആരോപണമുന്നയിച്ചിരുന്നത്. പുരസ്‌കാരം അടുത്ത മാസം സമ്മാനിച്ചേക്കും. 2005 മുതൽ കലാനിധി പുരസ്‌കാരം നൽകിവരുന്നു.