equity-sales

സെബി നിബന്ധന പാലിക്കാൻ കേന്ദ്ര സർക്കാർ

കൊച്ചി: സെക്യൂരിറ്റീസ് ആൻഡ് എക്‌സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യയുടെ(സെബി) നിബന്ധന പാലിക്കാൻ നാല് പൊതുമേഖല ബാങ്കുകളിലെ ഇരുപത് ശതമാനം വരെ ഓഹരികൾ വിറ്റഴിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, യൂകോ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നിവയിലെ ഓഹരി വിൽപ്പനയ്ക്ക് കേന്ദ്ര മന്ത്രിസഭയുടെ അനുമതി തേടാനാണ് ധനമന്ത്രാലയം തയ്യാറെടുക്കുന്നത്. നിലവിൽ ഈ ബാങ്കുകളിൽ 90 ശതമാനത്തിലധികം ഓഹരികളാണ് കേന്ദ്ര സർക്കാരിനുള്ളത്. സെബിയുടെ നിബന്ധന അനുസരിച്ച് ലിസ്‌റ്റ് ചെയ്ത കമ്പനികളിൽ 25 ശതമാനം പൊതു ഓഹരി പങ്കാളിത്തം നിർബന്ധമാണ്. ഈ ലക്ഷ്യം കൈവരിക്കുന്നതിന് പൊതുമേഖല കമ്പനികൾക്ക് 2026 ആഗസ്‌റ്റ് വരെ സെബി സാവകാശം നൽകിയിട്ടുണ്ട്.

ബാങ്ക് സർക്കാരിന്റെ ഓഹരി പങ്കാളിത്തം

സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ 93.08 ശതമാനം

ഇന്ത്യൻ ഓവർസീസ് ബാങ്ക് 96.3 ശതമാനം

യൂകോ ബാങ്ക് 95.3 ശതമാനം

പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് 98.25 ശതമാനം

അഞ്ച് ബാങ്കുകളിലെ പങ്കാളിത്തം കുറയ്ക്കണം

സെബിയുടെ കുറഞ്ഞ പൊതു ഓഹരി പങ്കാളിത്ത നിബന്ധന പാലിക്കാൻ അഞ്ച് പൊതുമേഖല ബാങ്കുകളിലെ ഓഹരികളാണ് വിറ്റഴിക്കേണ്ടത്. ബാങ്ക് ഒഫ് മഹാരാഷ്‌ട്ര, സെൻട്രൽ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, യൂകോ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നിവയിലാണ് കേന്ദ്ര സർക്കാരിന് 75 ശതമാനത്തിലധികം ഓഹരികളുള്ളത്. അതേസമയം എസ്.ബി.ഐ, പഞ്ചാബ് നാഷണൽ ബാങ്ക്, കാനറ ബാങ്ക് ബാങ്ക് ഒഫ് ബറോഡ, ഇന്ത്യൻ ബാങ്ക്, യൂണിയൻ ബാങ്ക്, ബാങ്ക് ഒഫ് ഇന്ത്യ എന്നിവയിലെ ഓഹരി പങ്കാളിത്തം സെബി നിബന്ധനയിലും താഴെയാണ്.

എൽ.ഐ.സിക്കും ബാധകം

ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ ഒഫ് ഇന്ത്യയിലെ(എൽ.ഐ.സി) സർക്കാരിന്റെ ഓഹരി പങ്കാളിത്തം 90 ശതമാനമായി കുറയ്ക്കാൻ 2027 മേയ് 16 വരെയാണ് സെബി സാവകാശം നൽകിയിട്ടുള്ളത്. നിലവിൽ എൽ.ഐ.സിയിലെ പൊതു ഓഹരി പങ്കാളിത്തം 3.5 ശതമാനം മാത്രമാണ്. മൂന്ന് വർഷത്തിനുള്ളിൽ സർക്കാരിന്റെ കൈവശമുള്ള 6.5 ശതമാനം ഓഹരികൾ കൂടി എൽ.ഐ.സി വിപണിയിൽ വിറ്റഴിക്കേണ്ട സാഹചര്യമാണുള്ളത്.