
ശബരിമല: ശബരിമലയിൽ സന്നിധാനത്ത് നിന്ന് യൂണിഫോമിൽ ഒരു നക്ഷത്രം കൂടി കൂട്ടിച്ചേർക്കാനായതിന്റെ സന്തോഷത്തിലാണ് ദ്രുതകർമ്മസേനാംഗങ്ങളായ സത്യനാരായണയും എസ് സുന്ദരമൂർത്തിയും. ശബരിമലയിൽ ഡ്യൂട്ടിക്കെത്തുമ്പോൾ ഇരുവരും എ. എസ്. ഐ. മാരായിരുന്നു. എസ്. ഐ. മാരായി സ്ഥാനക്കയറ്റം കിട്ടിക്കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസമാണ് വന്നത്.
ജനുവരി 19 വരെ ഇരുവർക്കും സന്നിധാനത്ത് ഡ്യൂട്ടി ആയതിനാൽ ഇവിടെ വച്ചു തന്നെ 'റാങ്ക് സെറിമണി' നടത്താൻ ദ്രുതകർമ്മസേനാ അധികൃതർ തീരുമാനിക്കുകയായിരുന്നു. ഇന്ന് രാവിലെ സന്നിധാനത്ത് നടന്ന ചടങ്ങിൽ സേനയുടെ ഡെപ്യൂട്ടി കമാൻഡന്റ് ജി വിജയൻ രണ്ട് നക്ഷത്രങ്ങളുള്ള പുതിയ ബാഡ്ജ് ഇവരുടെ തോളിൽ അണിയിച്ചു. അസിസ്റ്റന്റ് കമാൻഡന്റുമാരായ സതീഷ്, രമേഷ് എന്നിവരും പങ്കെടുത്തു.
സത്യനാരായണ ആന്ധ്രാപ്രദേശ് സ്വദേശിയും എസ് സുന്ദരമൂർത്തി തമിഴ്നാട് സ്വദേശിയുമാണ്. അയ്യപ്പ സന്നിധിയിൽ വച്ച് സ്ഥാനക്കയറ്റം നേടാനായത് വലിയ ഭാഗ്യമായി കരുതുന്നുവെന്ന് ഇരുവരും പറഞ്ഞു.